2009 is celebrated as International Year of Astronomy 2009. For any information regarding international Year of astronomy please visit ***** http://www.astronomy2009.org *****

Tuesday, January 20, 2009

സൂര്യഗ്രഹണം വരുന്നൂ റിപ്പബ്ലിക്ക് ദിന സമ്മാനമായി...

2009 ലെ ആദ്യ സൂര്യഗ്രഹണം ജനുവരി 26 ന് നടക്കും. വലയഗ്രഹണമാണ് ദൃശ്യമാവുക. ഇന്ത്യന്‍ മഹാസമുദ്രത്തിലും പടിഞ്ഞാറേ ഇന്‍ഡോനേഷ്യയിലുമായാണ് ഗ്രഹണം നടക്കുന്നത്. ഭാഗിക സൂര്യഗ്രഹണം നിരവധിയിടങ്ങളില്‍ ദൃശ്യമാകും. ആഫ്രിക്ക, മഡഗാസ്കര്‍, ആസ്ട്രേലിയ, ഇന്ത്യ തുടങ്ങിയിടങ്ങളിലൂടെ ഗ്രഹണം കടന്നു പോകും. തെക്കേ അറ്റ്ലാന്റിക്കിലാണ് ഗ്രഹണം തുടങ്ങുന്നത്. ഏതാണ്ട് 363 കിലോമീറ്റര്‍ വിസ്തൃതമായ ഭൂഭാഗത്തു കൂടിയാണ് ഗ്രഹണം മുന്നേറുന്നത്. പൂര്‍ണ്ണമായ വലയഗ്രഹണം ഏതാണ്ട് എട്ട് മിനിട്ട് നീണ്ടു നില്‍ക്കും. ഗ്രഹണസമയത്ത് ഏതാണ്ട് 14500 കിലോമീറ്ററോളം ചന്ദ്രന്റെ നിഴല്‍ സഞ്ചരിക്കും.

( ഗ്രഹണം നടക്കുന്ന ഭൂപ്രദേശങ്ങള്‍. ചുവന്ന വൃത്തങ്ങള്‍ കാണിച്ചിരിക്കുന്നിടത്ത് വലയഗ്രഹണം പൂര്‍ണ്ണമായും കാണാം. )

കേരളത്തില്‍ ഗ്രഹണം ഭാഗികമായി ദൃശ്യമാണ്. 2.20pm മുതല്‍ 4.05pm വരെ ഗ്രഹണം കേരളത്തില്‍ അനുഭവപ്പെടും. സൂര്യന്റെ ഏതാണ്ട് പതിനാറിലൊന്ന് മാത്രമാണ് മറയുന്നത്. തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് അല്പം കൂടി മറയുന്നത് കാണുവാന്‍ കഴിയും. വടക്കന്‍ കേരളത്തിലോട്ട് പോകും തോറും മറയ്ക്കപ്പെടുന്ന സൂര്യന്റെ ഭാഗം കുറവായിരിക്കും. സൂര്യഗ്രഹണം അപൂര്‍വ്വമായ ഒരു ആകാശക്കാഴ്ചയാണ്. ഒരു മനുഷ്യായുസ്സില്‍ കാണാന്‍ കഴിയുന്ന സൂര്യഗ്രഹണങ്ങളുടെ എണ്ണം വളരെ കുറവായിരിക്കും. അതു കൊണ്ടു തന്നെ ശാസ്ത്രവര്‍ഷമായി 2009 ല്‍ നടക്കുന്ന ആദ്യ വലയഗ്രഹണം കാണാന്‍ മറക്കരുത്.
എന്നാല്‍ നേരിട്ട് സൂര്യനെ നോക്കൂന്നത് അപകടമാണ്. സൂര്യഗ്രഹണ സമയത്ത് പ്രകാശ തീവ്രത കുറവാണെങ്കില്‍ പോലും കൂടുതല്‍ സമയം നേരിട്ട് സൂര്യനെ നോക്കൂന്നത് ദോഷം ചെയ്യും. അതിനാല്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നോക്കുന്നതാണ് നല്ലത്. വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി.
പിന്‍ഹോള്‍ ക്യാമറ നിര്‍മ്മിച്ചും സൂര്യനെ കാണാം. സൂര്യന്റെ പ്രതിബിംബം ഭിത്തിയില്‍ പതിപ്പിച്ചും സൂര്യഗ്രഹണം കാണാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഒരു കണ്ണാടി സംഘടിപ്പിക്കുക. ഒരു ചാര്‍ട്ട് പേപ്പര്‍ എടുത്ത് അഞ്ച് മില്ലിമീറ്റര്‍ വ്യാസത്തില്‍ ഒരു ദ്വാരമിടുക. ദ്വാരം കണ്ണാടിയുടെ മധ്യത്തില്‍ വരത്തക്കവിധം ചാര്‍ട്ട് പേപ്പര്‍ കണ്ണാടിയില്‍ ചേര്‍ത്ത് ഉറപ്പിക്കുക. റബര്‍ബാന്‍ഡോ മറ്റോ ഉപയോഗിച്ച് ഉറപ്പിക്കാവുന്നതേ ഉള്ളൂ. ദ്വാരത്തിലൂടെയല്ലാതെ മറ്റൊരിടത്തു നിന്നും പ്രകാശം പ്രതിഫലിക്കരുത്. ഈ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭിത്തിയിലേക്കോ സ്ക്രീനിലേക്കോ പ്രതിഫലിപ്പിക്കുക. സൂര്യന്റെ പ്രതിബിംബമായിരിക്കും ഭിത്തിയില്‍ കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായും ഇപ്രകാരം കാണാവുന്നതാണ്.

യാതൊരു കാരണവശാലും ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.

(നടക്കാന്‍ പോകുന്ന സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമാവുന്നത് സ്റ്റെല്ലേറിയം എന്ന സ്വതന്ത്ര സോഫ്റ്റ്വെയറില്‍ ചിത്രീകരിച്ചിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്നു.)












വലയഗ്രഹണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്. http://eclipse.gsfc.nasa.gov/OH/OH2009.html#2009Jan26A

സമാനമായ മറ്റൊരു പോസ്റ്റ് mystarwatching.blogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്

ഈ വിവരങ്ങള്‍ ഇടക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടക്ക് സന്ദര്‍ശിക്കുക


Friday, January 2, 2009

നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാനായി ആസ്ട്രോസാറ്റ് ഈ വര്‍ഷം അവസാനം വിക്ഷേപിക്കും

നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാനായി ആസ്ട്രോസാറ്റ് ഈ വര്‍ഷം അവസാനം

നക്ഷത്രനിരീക്ഷണത്തിനും ഗവേഷണങ്ങള്‍ക്കുമായി ആസ്ട്രോസാറ്റ് എന്ന പേരില്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ബാംഗ്ലൂര്‍ ഐ.എസ്‌.ആര്‍.ഒ. സാറ്റലൈറ്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. ടി.കെ. അലക്‌സ്‌ പ്രസ്താവിച്ചു.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ആയിരിക്കും വിക്ഷേപണം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രവര്‍ഷം 2009 ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

(ഡോ. ടി.കെ അലക്സ് സംസാരിക്കുന്നു)
കഴിയുന്നത്ര എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും ഉള്ള നക്ഷത്രവികിരണങ്ങളെ ഉപഗ്രഹം പഠന വിധേയമാക്കും. വ്യക്തതയേറിയ നക്ഷത്ര മാപ്പുകള്‍ ലഭ്യമാക്കാന്‍ ഈ ഉപഗ്രഹത്തിന് സാധിക്കും. വളരെ നിലവാരമുള്ള ടെലിസ്കോപ്പുകള്‍ നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക വിദ്യകള്‍ നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ചന്ദ്രയാന്‍ വിക്ഷേപണത്തിന് ചിലവായ തുകയിലധികം അതിലൂടെ ലഭിച്ച ബ്രാന്‍ഡ് മൂല്യത്തിലൂടെ തിരിച്ച് ലഭിക്കും. യൂറോപ്പിന്റെ ഒരു ഉപഗ്രഹം ഭാരതത്തിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിക്ഷേപിക്കാന്‍ ചന്ദ്രയാന് ശേഷം കഴിഞ്ഞത് ഇതിന് ഉദാഹരണമാണ്. പത്തോളം വിദേശ രാജ്യങ്ങള്‍ ഉപഗ്രഹനിര്‍മ്മാണത്തിനായി നമ്മെ സമീപിച്ചുണ്ട്. ചന്ദ്രയാന്‍ പ്രൊജക്റ്റ് സങ്കീര്‍ണ്ണമായ ഒട്ടേറെ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊണ്ടതാണ്. ചന്ദ്രയാന്റെ പാത നിര്‍ണ്ണയിക്കാനായുള്ള ഗണിത സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ഇന്നത്തെ ഏറ്റവും വേഗതയേറിയ കംമ്പ്യൂട്ടറുകള്‍ പോലും നാലു മണിക്കൂറിലേറെ സമയമെടുക്കും. പിഴവുകള്‍ ഉണ്ടാകാന്‍ നിരവധി സാധ്യതകള്‍ ഉള്ള ഒരു പ്രൊജക്റ്റ് ആയിട്ടു കൂടിയും ചന്ദ്രയാന്‍ വിജയിച്ചത് ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ മികവാണ് കാണിക്കുന്നത്.
മറ്റ് രാജ്യങ്ങള്‍ ചന്ദ്രനെക്കുറിച്ച് പഠിച്ച വിവരങ്ങള്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഭാരതത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഈ വിവരങ്ങള്‍ ഇന്നും ലഭ്യമല്ല. ചന്ദ്രയാന്‍ പഠനങ്ങളും തുടര്‍ന്നുള്ള പര്യവേഷണങ്ങളും ഈ പരിമിതി മറികടക്കാന്‍ സഹായിക്കും. അരലക്ഷത്തിലധികം ചാന്ദ്രചിത്രങ്ങള്‍ ചന്ദ്രയാനിലൂടെ നമുക്ക് ഇതു വരെ ലഭിച്ചിട്ടുണ്ട്. അഞ്ചുമീറ്റര്‍ റസല്യൂഷനോടെ ചിത്രങ്ങള്‍ എടുക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ജ്യോതിശാസ്ത്ര സാങ്കേതികവിദ്യയില്‍ നാം ഒരു വികസ്വര രാഷ്ട്രമല്ലെന്നും വികസിത രാഷ്ട്രത്തേക്കാളും ഉയരത്തിലാണെന്നും ടി.കെ അലക്സ് പറഞ്ഞു.
മതഗ്രന്ഥങ്ങളില്‍ നിന്നും ശാസത്രതത്വങ്ങള്‍ തിരയുന്നത് വിഡ്ഢിത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(പരിപാടി വീക്ഷിക്കുന്നവര്‍)
എറണാകുളം രാജേന്ദ്രമൈതാനിയില്‍ വൈകിട്ട് നടന്ന ഉദ്‌ഘാടനചടങ്ങില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു..
സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എന്‍സൈക്ലോപീഡിയ ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടി ദൂരദര്‍ശിനിയുടെ 400 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിവിധ ടെലിസ്കോപ്പുകളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സരസമായ രീതിയില്‍ വിശദീകരിച്ചു. ആശംസ പ്രസംഗം നടത്തിയിയ ഡോ. എം.പി പരമേശ്വരന്‍ അറിവുകള്‍ ഗോപ്യമാക്കി വയ്ക്കുന്നതാണ് ഏറ്റവും വലിയ ആപത്ത് എന്നും പറഞ്ഞു. ശാസ്ത്രത്തിന്റെ മേഖലയില്‍ അറിവുകള്‍ മൂടി വയ്ക്കുന്നവര്‍ സമൂഹത്തില്‍ വലിയ ദ്രോഹമാണ് ചെയ്യുന്നത്. അറിവുകളുടെ ജനകീയവത്കരണമാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലക്ഷ്യം. പരിഷത്ത്‌ ജനറല്‍ സെക്രട്ടറി വി. വിനോദ്‌, മഹാരാജാസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ശ്രീകുമാര്‍, ശാസ്ത്രവര്‍ഷം 2009 കണ്‍വീനര്‍ ഡോ. എന്‍. ഷാജി എന്നിവരും പ്രഭാഷണങ്ങള്‍ നടത്തി.

ചടങ്ങുകള്‍ക്ക് ശേഷം നക്ഷത്രനിരീക്ഷണത്തിന് തുടക്കമായി പത്തോളം വിവിധ തരത്തിലുള്ള ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് ചന്ദ്രനേയും ശുക്രനേയും വീക്ഷിക്കാന്‍ അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എറണാകുളം മഹാരാജാസ് കോളേജ്, തൃപ്പൂണിത്തുറ അമ്വച്വര്‍ ആസ്ട്രോണമി ഫോറം,എസ്.ആര്‍.വി. ഹൈയര്‍സെക്കന്ററി സ്കൂള്‍ എറണാകുളം, എസ്.എന്‍.എച്ച്.എസ്.എസ്. ഒക്കല്‍, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി, സെലസ്ട്രോണ്‍ടെലിസ്കോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ നിരീക്ഷണത്തിന് നേതൃത്വം നല്‍കി.

(ചന്ദ്രനെ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു.)
ഇതിനിടയില്‍ eyes on the skies എന്ന വീഡിയോ പ്രദര്‍ശനവും നടത്തി. മഹാരാജാസ്‌ കോളേജില്‍ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചും, ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ചുമുള്ള 60 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. എറണാകുളം മഹാരാജാസ്‌ കോളേജ്‌, ഡാര്‍വിന്‍ ബൈ സെന്റിനറി സെലിബ്രേഷന്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ഒരു വര്‍ഷം നീളുന്ന 'ശാസ്‌ത്രവര്‍ഷം 2009' സംഘടിപ്പിക്കുന്നത്‌.

ടെലിസ്കോപ്പുകളിലൂടെ അത്ഭുത പ്രപഞ്ചം കണ്ടവര്‍

ടെലിസ്കോപ്പിലൂടെ ഇതു വരെ നോക്കാത്തവര്‍ക്ക് ഇത് അപൂര്‍വ്വമായ അനുഭവം, നോക്കിയിട്ടുള്ളവര്‍ക്ക് ഒരിക്കല്‍ കൂടി കാണാനുള്ള അവസരം, വിവിധ തരം ടെലിസ്കോപ്പുകള്‍ പരിചയപ്പെടാനുള്ള അവസരം. ഇതെല്ലാമായിരുന്നു ജനുവരി ഒന്നിന് കേരള ശാസത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച ശാസ്ത്രവര്‍ഷം 2009 ഉദ്ഘാടചടങ്ങുകള്‍ക്ക് ശേഷമുള്ള വാനനിരീക്ഷണം.

അഞ്ഞൂറിലധികം പേര്‍ ടെലിസ്കോപ്പിലൂടെ ചന്ദ്രനേയും ശുക്രനേയും കണ്ടു. വിവിധ തരത്തിലുള്ള പത്ത് ടെലിസ്കോപ്പുകളിലൂടെ ആയിരുന്നു വാനനിരീക്ഷണം. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിരത്തിയ ഓരോ ടെലിസ്കോപ്പുകള്‍ക്കുമടുത്തും വാനകുതുകികളുടെ നീണ്ട നിര കാണാമായിരുന്നു. വൈകിട്ട് ആറരയോടെ തുടങ്ങിയ നിരീക്ഷണം രാത്രി എട്ടരവരെ നീണ്ടു.

ഒന്നര വയസ്സുകാര്‍ മുതല്‍ തൊണ്ണൂറ്റിനാലു വയസ്സുകാര്‍ വരെ ആകാശക്കാഴ്ചകള്‍ കണ്ട് ആവേശഭരിതരായി മടങ്ങി. വൈകിയെത്തിയവരും നിരാശരാകാതെ മടങ്ങി.





തൃപ്പൂണിത്തുറ അമച്വര്‍ ആസ്ട്രോണമി ഫോറം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്, എറണാകുളം മഹാരാജാസ് കോളേജ്, എസ്. അര്‍.വി ഹയര്‍സെക്കന്ററി സ്കൂള്‍ എറണാകുളം, എസ്.എന്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഒക്കല്‍, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി തുടങ്ങിയിടങ്ങളില്‍ നിന്നും ടെലിസ്കോപ്പുകളുമായി വന്ന പ്രവര്‍ത്തകര്‍ വാനനിരീക്ഷണത്തിന് നേതൃത്വം നല്‍കി.