2009 is celebrated as International Year of Astronomy 2009. For any information regarding international Year of astronomy please visit ***** http://www.astronomy2009.org *****

Friday, January 2, 2009

നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാനായി ആസ്ട്രോസാറ്റ് ഈ വര്‍ഷം അവസാനം വിക്ഷേപിക്കും

നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാനായി ആസ്ട്രോസാറ്റ് ഈ വര്‍ഷം അവസാനം

നക്ഷത്രനിരീക്ഷണത്തിനും ഗവേഷണങ്ങള്‍ക്കുമായി ആസ്ട്രോസാറ്റ് എന്ന പേരില്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ബാംഗ്ലൂര്‍ ഐ.എസ്‌.ആര്‍.ഒ. സാറ്റലൈറ്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. ടി.കെ. അലക്‌സ്‌ പ്രസ്താവിച്ചു.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ആയിരിക്കും വിക്ഷേപണം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രവര്‍ഷം 2009 ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

(ഡോ. ടി.കെ അലക്സ് സംസാരിക്കുന്നു)
കഴിയുന്നത്ര എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും ഉള്ള നക്ഷത്രവികിരണങ്ങളെ ഉപഗ്രഹം പഠന വിധേയമാക്കും. വ്യക്തതയേറിയ നക്ഷത്ര മാപ്പുകള്‍ ലഭ്യമാക്കാന്‍ ഈ ഉപഗ്രഹത്തിന് സാധിക്കും. വളരെ നിലവാരമുള്ള ടെലിസ്കോപ്പുകള്‍ നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക വിദ്യകള്‍ നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ചന്ദ്രയാന്‍ വിക്ഷേപണത്തിന് ചിലവായ തുകയിലധികം അതിലൂടെ ലഭിച്ച ബ്രാന്‍ഡ് മൂല്യത്തിലൂടെ തിരിച്ച് ലഭിക്കും. യൂറോപ്പിന്റെ ഒരു ഉപഗ്രഹം ഭാരതത്തിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിക്ഷേപിക്കാന്‍ ചന്ദ്രയാന് ശേഷം കഴിഞ്ഞത് ഇതിന് ഉദാഹരണമാണ്. പത്തോളം വിദേശ രാജ്യങ്ങള്‍ ഉപഗ്രഹനിര്‍മ്മാണത്തിനായി നമ്മെ സമീപിച്ചുണ്ട്. ചന്ദ്രയാന്‍ പ്രൊജക്റ്റ് സങ്കീര്‍ണ്ണമായ ഒട്ടേറെ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊണ്ടതാണ്. ചന്ദ്രയാന്റെ പാത നിര്‍ണ്ണയിക്കാനായുള്ള ഗണിത സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ഇന്നത്തെ ഏറ്റവും വേഗതയേറിയ കംമ്പ്യൂട്ടറുകള്‍ പോലും നാലു മണിക്കൂറിലേറെ സമയമെടുക്കും. പിഴവുകള്‍ ഉണ്ടാകാന്‍ നിരവധി സാധ്യതകള്‍ ഉള്ള ഒരു പ്രൊജക്റ്റ് ആയിട്ടു കൂടിയും ചന്ദ്രയാന്‍ വിജയിച്ചത് ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ മികവാണ് കാണിക്കുന്നത്.
മറ്റ് രാജ്യങ്ങള്‍ ചന്ദ്രനെക്കുറിച്ച് പഠിച്ച വിവരങ്ങള്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഭാരതത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഈ വിവരങ്ങള്‍ ഇന്നും ലഭ്യമല്ല. ചന്ദ്രയാന്‍ പഠനങ്ങളും തുടര്‍ന്നുള്ള പര്യവേഷണങ്ങളും ഈ പരിമിതി മറികടക്കാന്‍ സഹായിക്കും. അരലക്ഷത്തിലധികം ചാന്ദ്രചിത്രങ്ങള്‍ ചന്ദ്രയാനിലൂടെ നമുക്ക് ഇതു വരെ ലഭിച്ചിട്ടുണ്ട്. അഞ്ചുമീറ്റര്‍ റസല്യൂഷനോടെ ചിത്രങ്ങള്‍ എടുക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ജ്യോതിശാസ്ത്ര സാങ്കേതികവിദ്യയില്‍ നാം ഒരു വികസ്വര രാഷ്ട്രമല്ലെന്നും വികസിത രാഷ്ട്രത്തേക്കാളും ഉയരത്തിലാണെന്നും ടി.കെ അലക്സ് പറഞ്ഞു.
മതഗ്രന്ഥങ്ങളില്‍ നിന്നും ശാസത്രതത്വങ്ങള്‍ തിരയുന്നത് വിഡ്ഢിത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(പരിപാടി വീക്ഷിക്കുന്നവര്‍)
എറണാകുളം രാജേന്ദ്രമൈതാനിയില്‍ വൈകിട്ട് നടന്ന ഉദ്‌ഘാടനചടങ്ങില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു..
സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എന്‍സൈക്ലോപീഡിയ ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടി ദൂരദര്‍ശിനിയുടെ 400 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിവിധ ടെലിസ്കോപ്പുകളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സരസമായ രീതിയില്‍ വിശദീകരിച്ചു. ആശംസ പ്രസംഗം നടത്തിയിയ ഡോ. എം.പി പരമേശ്വരന്‍ അറിവുകള്‍ ഗോപ്യമാക്കി വയ്ക്കുന്നതാണ് ഏറ്റവും വലിയ ആപത്ത് എന്നും പറഞ്ഞു. ശാസ്ത്രത്തിന്റെ മേഖലയില്‍ അറിവുകള്‍ മൂടി വയ്ക്കുന്നവര്‍ സമൂഹത്തില്‍ വലിയ ദ്രോഹമാണ് ചെയ്യുന്നത്. അറിവുകളുടെ ജനകീയവത്കരണമാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലക്ഷ്യം. പരിഷത്ത്‌ ജനറല്‍ സെക്രട്ടറി വി. വിനോദ്‌, മഹാരാജാസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ശ്രീകുമാര്‍, ശാസ്ത്രവര്‍ഷം 2009 കണ്‍വീനര്‍ ഡോ. എന്‍. ഷാജി എന്നിവരും പ്രഭാഷണങ്ങള്‍ നടത്തി.

ചടങ്ങുകള്‍ക്ക് ശേഷം നക്ഷത്രനിരീക്ഷണത്തിന് തുടക്കമായി പത്തോളം വിവിധ തരത്തിലുള്ള ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് ചന്ദ്രനേയും ശുക്രനേയും വീക്ഷിക്കാന്‍ അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എറണാകുളം മഹാരാജാസ് കോളേജ്, തൃപ്പൂണിത്തുറ അമ്വച്വര്‍ ആസ്ട്രോണമി ഫോറം,എസ്.ആര്‍.വി. ഹൈയര്‍സെക്കന്ററി സ്കൂള്‍ എറണാകുളം, എസ്.എന്‍.എച്ച്.എസ്.എസ്. ഒക്കല്‍, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി, സെലസ്ട്രോണ്‍ടെലിസ്കോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ നിരീക്ഷണത്തിന് നേതൃത്വം നല്‍കി.

(ചന്ദ്രനെ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു.)
ഇതിനിടയില്‍ eyes on the skies എന്ന വീഡിയോ പ്രദര്‍ശനവും നടത്തി. മഹാരാജാസ്‌ കോളേജില്‍ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചും, ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ചുമുള്ള 60 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. എറണാകുളം മഹാരാജാസ്‌ കോളേജ്‌, ഡാര്‍വിന്‍ ബൈ സെന്റിനറി സെലിബ്രേഷന്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ഒരു വര്‍ഷം നീളുന്ന 'ശാസ്‌ത്രവര്‍ഷം 2009' സംഘടിപ്പിക്കുന്നത്‌.

3 comments:

Unknown said...

kalakkiyittundu...navaneeth.
eppo naattilaaa.
nettilla veettil.
athukondu blogil sajeevamaavaan kazhiyilla.
പരിഷത്ത് വിശേഷങ്ങള്‍ lil vaarthakl post cheythu
sahaayikkunnathil santhosham.

Joseph Antony said...

അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷം പ്രമാണിച്ച്‌ ഇത്തരമൊരു ബ്ലോഗ്‌ തുടങ്ങിയത്‌ നന്നായി. ആശംസകള്‍ നേരുന്നു. ജ്യോതിശാസ്‌ത്രവര്‍ഷം തുടങ്ങുന്നത്‌ സംബന്ധിച്ച്‌ ഒരു ബ്ലോഗ്‌പോസ്‌റ്റ്‌ ഇവിടെ

ടോട്ടോചാന്‍ said...

റഫീക്ക്, JA, വളരെ നന്ദി വന്നതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും..
ഗലീയിയോയെക്കുറിച്ചുള്ള പോസ്റ്റ് വായിച്ചു വളരെ നന്ദി..
ഇവിടെ ലിങ്കായി ആ പോസ്റ്റ് കൊടുക്കുന്നതായിരിക്കും.

Post a Comment