2009 is celebrated as International Year of Astronomy 2009. For any information regarding international Year of astronomy please visit ***** http://www.astronomy2009.org *****

Thursday, July 23, 2009

ബഹിരാകാശത്തു നിന്നും ഒരു ഗ്രഹണക്കാഴ്ച

ഇക്കഴിഞ്ഞ സൂര്യഗ്രഹണത്തിന്റെ നിരവധി ഗ്രഹണ ചിത്രങ്ങള്‍ നാം കണ്ടു കഴിഞ്ഞു. ബഹിരാകാശത്തു നിന്നും ഈ ഗ്രഹണക്കാഴ്ച തികച്ചും രസകരമായ ഒരനുഭവമാണ്. ജപ്പാന്റെ MTSAT എന്ന ഭൂസ്ഥിര ഉപഗ്രഹം എടുത്ത ചിത്രമാണിത്. നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി ഈ ചിത്രത്തെ ഇന്നത്തെ ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നു. ചൈനക്ക് മുകളില്‍ ഗ്രഹണം സംഭവിക്കുന്നതാണ് ചിത്രത്തില്‍. ചന്ദ്രന്റെ നിഴല്‍ വീണ പ്രദേശം ഇരുണ്ടനിറത്തില്‍ കാണാം. ഇവിടെ പൂര്‍ണ്ണഗ്രഹണം ദൃശ്യമാകും.





(ചിത്രത്തിന്റെ കടപ്പാട് Institute of Industrial Science & Earthquake Research Institute, University of Tokyo, Japan., നാസ എര്‍ത്ത് ഒബ്സര്‍വേറ്ററി)

Tuesday, July 21, 2009

സൂര്യഗ്രഹണം നാസയുടെ ആനിമേഷന്‍

നാളെ രാവിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് അരങ്ങൊരുങ്ങുകയാണ്. പ്രഭാതത്തില്‍ തന്നെ സൂര്യഗ്രഹണം കാണാം എന്ന പ്രത്യേകതയും ഇത്തവണത്തെ സൂര്യഗ്രഹണത്തിനുണ്ട്. അതിരാവിലെ നല്ല ഉയര്‍ന്ന പ്രദേശത്തു നിന്നും കിഴക്കോട്ട് നോക്കുക. 6.15 ഓടെ കേരളത്തില്‍ സൂര്യനുദിക്കും. ഗ്രഹണസൂര്യനായിരിക്കും നാം കാണുന്നത്. പ്രഭാതമായതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ടു തന്നെ നോക്കാവുന്നതാണ്. 6.45 വരെ നഗ്നനേത്രങ്ങളാല്‍ നോക്കുന്നതിന് തടസ്സമില്ല. പിന്നീട് ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം.

സൂര്യഗ്രഹണ പാത ചിത്രീകരിച്ച വിവിധ ചിത്രങ്ങള്‍ പലയിടത്തും ലഭ്യമായിരിന്നു. എന്നാല്‍ നാസയില്‍ നിന്നും വന്ന ഈ ചിത്രം സൂര്യഗ്രഹണത്തിന്റെ വിവിധ പ്രദേശങ്ങളിലെ വിവിധ ഭാവങ്ങള്‍ കാണിക്കുന്നു. ഈ ജിഫ് ചിത്രം ഫയല്‍ സൈസ് കൂടുതലാണ്. അതിനാല്‍ ലോഡ് ചെയ്യാന്‍ സമയമെടുത്തേക്കാം.

സൂര്യഗ്രഹണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ക്ക് കഴിഞ്ഞ പോസ്റ്റ് നോക്കുക.





( സൂര്യഗ്രഹണം നാസയുടെ ആനിമേഷന്‍ )

Wednesday, July 15, 2009

പൂര്‍ണ്ണസൂര്യഗ്രഹണം - മുന്‍കൂറായി ചില കാഴ്ചകളും വിശേഷങ്ങളും

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷത്തിലെ പൂര്‍ണ്ണസൂര്യഗ്രഹണം

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായ 2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. അവിടെ നിന്നും തുടങ്ങുന്ന ചന്ദ്രന്റെ നിഴലിന്റെ പ്രയാണം മധ്യഭാരതത്തിലൂടെ കടന്നു പോകുന്നു. ഇന്ത്യയില്‍ വെരാവലില്‍ ആണ് സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. തുടര്‍ന്ന് സൂറത്ത്, വഡോധര, ഇന്‍ഡോര്‍,ഭോപ്പാല്‍, അലഹബാദിലെ ചില ഭാഗങ്ങള്‍, വാരണാസി, പാറ്റ്ന,ഡാര്‍ജലിംഗ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നു. ഇവിടെയെല്ലാം പരിപൂര്‍ണ്ണസൂര്യഗ്രഹണം ദൃശ്യമാകും.



(കറുത്ത പൊട്ട് പൂര്‍ണ്ണസൂര്യഗ്രണം സൂചിപ്പിക്കുന്നു.)

ഇതിനിടക്ക് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലൂടെയും ഗ്രഹണം കടന്നു പോകുന്നുണ്ട്. തുടര്‍ന്ന് മ്യാന്‍മാര്‍ കടന്ന് ചൈനയിലൂടെ ജപ്പാനിലേക്ക് പ്രവേശിക്കുന്നു. പസഫിക്ക് സമുദ്രത്തിലൂടെ നീങ്ങുന്ന പൂര്‍ണ്ണഗ്രഹണം ജപ്പാനിലെ Ryukyu, ഇവോജിമ(Iwo Jima),മാര്‍ഷല്‍, ഗില്‍ബര്‍ട്ട് ദ്വീപുകള്‍ എന്നറിയപ്പെടുന്ന കിരിബാത്തി (Kiribati ), ഫീനിക്സ് ദ്വീപുകളിലൂടെയാണ് കടന്നു പോകുന്നത്. പൂര്‍ണ്ണസൂര്യഗ്രഹണത്തിന്റെ പാത ഇടുങ്ങിയതാണെങ്കിലും ഭാഗികഗ്രഹണം വളരെയധികം ഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന്‍, ചൈന,നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ എല്ലാ ഭാഗത്തും ഭാഗികസൂര്യഗ്രഹണം കാണുവാന്‍ സാധിക്കും. കിഴക്കേ ഏഷ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ത്യോനേഷ്യയിലും ഭാഗികഗ്രഹണം ദൃശ്യമായിരിക്കും.


മുന്‍കൂറായി കേരളത്തിലെ ചില ഗ്രഹണക്കാഴ്ചകള്‍ (സ്റ്റെല്ലേറിയത്തില്‍ ചെയ്തത്)

ഉദയസൂര്യന്‍ ഗ്രഹണസൂര്യനായിരിക്കും 6.15 ഓടെ സൂര്യനുദിക്കും


(സൂര്യഗ്രഹണം ആരംഭിച്ചു)


(6.20 നുള്ള ഗ്രഹണക്കാഴ്ച)


(പരമാവധി ഗ്രഹണം ഏകദേശം 6.27 ന് സംഭവിക്കും)


(6.36 നുള്ള ഗ്രഹണക്കാഴ്ച)


(ഗ്രഹണം അവസാന നിമിഷങ്ങള്‍ . സൂര്യനെ ഇപ്പോള്‍ നേരിട്ട് നോക്കരുത്. 7.15 ഓടെ ഗ്രഹണം പൂര്‍ത്തിയാകും)




ഇന്ത്യയിലൂടെയുള്ള ഗ്രഹണത്തിന്റെ പാത



ഇവോജിമ ദ്വീപുകാര്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം കാണുവാന്‍ സാധിക്കും. 6 മിനിട്ടും 39 സെക്കന്റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ഗ്രഹണം അവസാനിക്കുന്നതും പസഫിക്ക് സമുദ്രത്തില്‍ തന്നെയാണ്. 2132 ജൂണ്‍ 13 ന് മാത്രമേ ഇനി ഇത്രയും ദൈര്‍ഘ്യമേറിയ ഒരു പൂര്‍ണ്ണസൂര്യഗ്രഹണം ഭൂമിയില്‍ നടക്കുന്നുള്ളൂ (വിക്കിപീഡിയയില്‍ നിന്നും ലഭ്യമായ വിവരം). ഇതിലും ദൈര്‍ഘ്യം കുറഞ്ഞ നിരവധി പൂര്‍ണ്ണസൂര്യഗ്രഹണങ്ങള്‍ മിക്കവാറും എല്ലാ വര്‍ഷവും ഭൂമിയുടെ വിവിധയിടങ്ങളില്‍ അരങ്ങേറാറുണ്ട്. അത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉണ്ടാവും. ഇനി അടുത്ത പൂര്‍ണ്ണസൂര്യഗ്രഹണത്തിനായി 2132 വരെ കാത്തിരിക്കണം എന്നുള്ള പ്രചരണങ്ങളെല്ലാം ശുദ്ധഅസംബന്ധമാണ് എന്ന് പറയാതെ വയ്യ.



ഗ്രഹണം കാണാന്‍ മറക്കരുതേ
ഉറക്കമുണരുമ്പോള്‍ തന്നെ സൂര്യഗ്രഹണം കാണാം എന്ന അപൂര്‍വ്വഭാഗ്യമാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. അത് നഷ്ടപ്പെടുത്താതെ സൂര്യഗ്രഹണം വീക്ഷിക്കാന്‍ ശ്രമിക്കുക. അതിരാവിലെ സൂര്യോദയം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കുക. ഏതാണ്ട് 6.15 ഓടെ അപൂര്‍വ്വമായ ഒരു സൂര്യോദയത്തിനാകും നാം സാക്ഷ്യം വഹിക്കുക. 6.27 ഓടെ (കൊച്ചിയിലെ സമയമാണ്. മറ്റുള്ള ഇടങ്ങളില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം) പരമാവധി ഗ്രഹണം കേരളത്തില്‍ ദൃശ്യമാവും. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണാനുള്ള അപൂര്‍വ്വഅവസരമാണിത്. പ്രഭാതസൂര്യനായതിനാല്‍ ഒരു തരത്തിലുള്ള ഫില്‍ട്ടറുകളുടേയും സഹായമില്ലാതെ നമുക്ക് സൂര്യഗ്രഹണം ആസ്വദിക്കാന്‍ കഴിയും. ചുവന്ന തേങ്ങാക്കൊത്തു പോലെ മനോഹരമായ ഒരു കാഴ്ചയായിരിക്കും അത്. സൂര്യരശ്മികള്‍ക്ക് ശക്തികൂടുന്നതു വരെ യാതൊരു ഭയാശങ്കയും കൂടാതെ നമുക്ക് സൂര്യഗ്രഹണം കാണാം. ആറേമുക്കാല്‍ - ഏഴുമണി കഴിഞ്ഞാല്‍ പിന്നെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ഗ്രഹണം കാണുന്നതായിരിക്കും സുരക്ഷിതം. ഏതാണ്ട് 60% ത്തിലധികം സൂര്യഗ്രഹണം നമുക്ക് കാണാന്‍ കഴിയും.

സുരക്ഷിതമായി ഗ്രഹണം കാണാനുള്ള വഴികള്‍ (സൂര്യരശ്മികള്‍ ശക്തിപ്രാപിച്ച ശേഷം)

വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി.
പിന്‍ഹോള്‍ ക്യാമറ നിര്‍മ്മിച്ചും സൂര്യനെ കാണാം. സൂര്യന്റെ പ്രതിബിംബം ഭിത്തിയില്‍ പതിപ്പിച്ചും സൂര്യഗ്രഹണം കാണാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഒരു കണ്ണാടി സംഘടിപ്പിക്കുക. ഒരു ചാര്‍ട്ട് പേപ്പര്‍ എടുത്ത് അഞ്ച് മില്ലിമീറ്റര്‍ വ്യാസത്തില്‍ ഒരു ദ്വാരമിടുക. ദ്വാരം കണ്ണാടിയുടെ മധ്യത്തില്‍ വരത്തക്കവിധം ചാര്‍ട്ട് പേപ്പര്‍ കണ്ണാടിയില്‍ ചേര്‍ത്ത് ഉറപ്പിക്കുക. റബര്‍ബാന്‍ഡോ മറ്റോ ഉപയോഗിച്ച് ഉറപ്പിക്കാവുന്നതേ ഉള്ളൂ. ദ്വാരത്തിലൂടെയല്ലാതെ മറ്റൊരിടത്തു നിന്നും പ്രകാശം പ്രതിഫലിക്കരുത്. ഈ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭിത്തിയിലേക്കോ സ്ക്രീനിലേക്കോ പ്രതിഫലിപ്പിക്കുക. സൂര്യന്റെ പ്രതിബിംബമായിരിക്കും ഭിത്തിയില്‍ കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായും ഇപ്രകാരം കാണാവുന്നതാണ്.
യാതൊരു കാരണവശാലും ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.

ജൂലായ് 22 ന് സൂര്യഗ്രഹണം നഷ്ടപ്പെട്ടാല്‍ .... അടുത്ത ഗ്രഹണങ്ങള്‍
2010 ജാനുവരി 15 നും 2010 ജൂലായ് 11 നും അടുത്ത സൂര്യഗ്രഹണങ്ങള്‍ കാണാം. ഇതില്‍ ജൂലായ് മാസത്തിലെ ഗ്രഹണം പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. എന്നാല്‍ ഇത് ഏതാണ്ട് പൂര്‍ണ്ണമായും പസഫിക്ക് സമുദ്രത്തിലൂടെയാണ് കടന്നു പോകുന്നത്. തെക്കേ അമേരിക്കയിലെ അര്‍ജന്റീന,ചിലി തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് ഗ്രഹണം പൂര്‍ണ്ണമായും കാണപ്പെടുന്ന മനുഷ്യവാസപ്രദേശം. അതു തന്നെ വളരെ കുറഞ്ഞ സമയത്തേക്കു മാത്രവും. ഇന്ത്യയിലുള്ളവര്‍ക്ക് ഈ ഗ്രഹണം ദൃശ്യമല്ല. എന്നാല്‍ 2010 ജാനുവരി 15 ന് സംഭവിക്കുന്ന വലയഗ്രഹണം കേരളത്തിലൂടെ കടന്നു പോകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏതാണ്ട് പൂര്‍ണ്ണമായ വലയഗ്രഹണം കാണാന്‍ അന്ന് കഴിയും.

NB: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ മേഖലകളില്‍ സൂര്യഗ്രഹണം കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ അതാത് മേഖല കമ്മറ്റികളുമായി ബന്ധപ്പെടുക


Thursday, July 2, 2009

അത്ഭുതകരമായ ആകാശം - ശാസ്ത്രവര്‍ഷം ക്ലാസ് - സഹായി

കുറിപ്പ് : അത്ഭുതകരമായ ആകാശം എന്ന ക്ലാസിനു വേണ്ട വിവരങ്ങള്‍ തുടര്‍ച്ചയായി ഈ സൈറ്റില്‍ ലഭ്യമാക്കുന്നു. ഈ ലേഖനവും അതിന്റെ ഭാഗമായിട്ടുള്ളതാണ്


ആമുഖം
ആകാശക്കാഴ്ചകള്‍ എക്കാലത്തും മനുഷ്യനെ വിസ്മയം കൊള്ളിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭാവനയെയും ജിജ്ഞാസയെയും അതെപ്പോഴുംഉണര്‍ത്തിയിട്ടുമുണ്ട്. ദിക്കറിയാനും സമയമറിയാനും കാലം ഗണിക്കാനുമെല്ലാം നക്ഷത്രങ്ങളും ആകാശ സംഭവങ്ങളും സഹായകമായതോടെഏത് പ്രദേശത്തിന്റെയും സംസ്കാരത്തിലെ അവിഭാജ്യഘടകമായിആകാശ വിജ്ഞാനം. ഏറ്റവും ആദ്യം വികസിച്ചുവന്ന ശാസ്ത്രശാഖകളിലൊന്നാണ് ജ്യോതിശ്ശാസ്ത്രം. എന്നാല്‍ ശാസ്ത്രം വളരെയേറെ പുരോഗമിക്കുകയും ശാസ്ത്രവിജ്ഞാനങ്ങള്‍ വളരെ ജനകീയമാവുകയുംചെയ്ത ഈ കാലഘട്ടത്തില്‍ പോലും ജ്യോതിശ്ശാസ്ത്രം സംബന്ധിച്ചമിക്കവരുടെയും ധാരണകള്‍ പാഠപുസ്തകത്താളുകള്‍ക്കപ്പുറത്തേക്ക് കടക്കുന്നില്ല. നമ്മുടെ ആകാശത്ത് നിത്യേന കാണുന്ന ആകാശകാഴ്ചകള്‍ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മനസ്സിലാക്കാനോ ആസ്വദിക്കാനോ ആവുന്നില്ല. എന്നു മാത്രമല്ല പല തെറ്റിദ്ധാരണകളും വെച്ചു പുലര്‍ത്തുകയുംചെയ്യുന്നു. അതിനാല്‍ പരിഷത്ത് നടത്തുന്ന ഈ ക്ലാസ്സുകളുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം അത്ഭുതകരമായ ആകാശദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ജനങ്ങളില്‍ താല്‍പര്യമുളവാക്കുകയും അതിലൂടെ അവരുടെ പ്രപഞ്ചവിജ്ഞാനത്തെ വികസിപ്പിക്കുകയുമാണ്.

ആകാശകാഴ്ചകള്‍
ആദ്യം നമുക്ക് നാം നിത്യേന കാണുന്ന ആകാശ കാഴ്ചകളുടെസവിശേഷതകളിലേക്ക് കടക്കാം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാംകിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നത് ഏവരും നിരീക്ഷിക്കുന്ന കാര്യമാണ്. ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുന്നതുമൂലമാണ്നമുക്കിങ്ങനെ തോന്നുവാന്‍ കാരണമെന്നും എല്ലാവര്‍ക്കും അറിയാം.എന്നാല്‍ അതിനുമുപരിയായി ഒട്ടേറെ കാഴ്ചകള്‍ക്ക് നാം നിത്യേനസാക്ഷിയാവുന്നുണ്ട്. ഉദാഹരണമായി പകല്‍ സമയത്തെ കാര്യമെടുക്കാം.സൂര്യന്‍ ദിവസവും ഒരേ സ്ഥലത്താണോ ഉദിക്കുന്നത്? അസ്തമിക്കുന്നതും? വര്‍ഷത്തില്‍ രണ്ടേരണ്ടു ദിവസം മാത്രമാണ് സൂര്യ നേര്‍കിഴക്ക് ഉദിച്ച് നേര്‍ പടിഞ്ഞാറസ്തമിക്കുന്നത്. മിക്കവാറും മാര്‍ച്ച് 21 ഉംസപ്തംസ്സര്‍ 22 ഉം ആയാണ് ആ ദിവസങ്ങള്‍ വരിക. മാര്‍ച്ച് 21 ന് ശേഷംസൂര്യന്‍ അല്പാല്‍പമായി വടക്കോട്ട് നീങ്ങി ജൂണ്‍ 22 ആവുമ്പോള്‍സൂര്യന്‍ പരമാവധി 23½ ഡിഗ്രി വടക്ക് മാറി ഉദിക്കുന്നു. പിന്നീട് സൂര്യന്‍തെക്ക് ഭാഗത്തേക്ക് യാത്രയായി സെപ്തംര്‍ 22 ന് നേരെ കിഴക്കെത്തും.തുടര്‍ന്ന് ഡിസംബര്‍ 21 ആകുമ്പോള്‍ 23½ ഡിഗ്രി തെക്കു ഭാഗത്തെത്തിതുടര്‍ന്ന് തിരിച്ചു പോരുന്നു. ഈ മാറ്റം ഭൂമിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ശ്രദ്ധിച്ചിട്ടുണ്ടോ? മാര്‍ച്ച് 21 ഉം സപ്തംബര്‍ 22 ഉം നമുക്ക് സമരാത്രദിനങ്ങളാണ്. സൂര്യന്‍ വടക്കോട്ടേക്ക് പോകുമ്പോള്‍ പകല്‍ കൂടി വരുന്നു.അപ്പോഴാണ് നമുക്ക് ഉഷ്ണകാലം.സൂര്യന്‍ തെക്കോട്ട് പോകും തോറുംരാത്രി കൂടി വരുന്നു. കാലാവസ്ഥയാകട്ടെ ശൈത്യകാലവും. ഭൂമി സൂര്യനെപ്രദക്ഷിണം ചെയ്യുന്നതും, അത് സ്വയം ഭ്രമണം ചെയ്യുന്ന അച്ചുതണ്ടിന്പ്രദക്ഷിണപഥവുമായുള്ള ചരിവുമാണ് ഈ കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണംരാത്രികാലത്ത് മുഖ്യ ആകര്‍ഷണ കേന്ദ്രം ചന്ദ്രന്‍ തന്നെയാണ്.ദിനചലനത്തോടൊപ്പം ദിവസേന ഉദിക്കുന്ന സമയത്തിലുള്ള മാറ്റവും രൂപമാറ്റവുമാണ് ചന്ദ്രന്റെ മുഖ്യ സവിശേഷത. സൂര്യനും ചന്ദ്രനും തമ്മിലുള്ളആകാശത്തിലെ അകലത്തില്‍ 12 ഡിഗ്രി കണ്ട് ദിവസേന വ്യത്യാസം വരുന്നു. അടുത്തുവരുന്തോറും വലിപ്പം കുറയുന്നു. അകലുന്തോറും വലിപ്പംകൂടുന്നു. ഈ മാറ്റത്തിന് അമാവാസി മുതല്‍ അമാവസിവരെ വേണ്ടിവരുന്നസമയം 29½ ദിവസം. പകല്‍ കാണാന്‍ കഴിയാത്തവയാണ് നക്ഷത്രങ്ങള്‍.എന്നാല്‍ സന്ധ്യയോടെ ആകാശത്തെങ്ങും വാരി വിതറിയ പോലെഅത് പരക്കാന്‍ തുടങ്ങും. ചിലയിടത്ത് ചിതറി. ചിലയിടത്ത് കൂട്ടമായി.വ്യത്യസ്ത ശോഭയില്‍. ഏകദേശം മൂവായിരം നക്ഷത്രങ്ങള്‍ ആണ് വെറുംകണ്ണുകൊണ്ട് നമുക്ക് ഒരു സമയം കാണാനാകുക. ചെറിയ ഒരു ബൈനോക്കുലര്‍ ഉപയോഗിച്ചാല്‍ പോലും അവയുടെ എണ്ണം പതിന്മടങ്ങാകും. നക്ഷത്രങ്ങളും ഉദിച്ചസ്തമിക്കുന്നു. നേരെ കിഴക്ക് ഉദിച്ചവ നേരെ പടിഞ്ഞാറസ്തമിക്കും. എന്നാല്‍ അവ തലയ്ക്ക് മുകളിലൂടെയാണോ കടന്ന്പോകുന്നത്? നമ്മള്‍ നില്‍ക്കുന്ന പ്രദേശത്തിന്റെ അക്ഷാംശരേഖയ്ക്കനുസൃതമായി അല്‍പം തെക്കോട്ട് മാറിയാണ് അവ കടന്നുപോവുക. (ഭൂമധ്യരേഖയിലെങ്കില്‍ തലയ്ക്ക് മുകളിലൂടെ; ദക്ഷിണാര്‍ദ്ധഗോളത്തിലെങ്കില്‍വടക്കോട്ട് മാറി). ഇവയ്ക്ക് സമാന്തരമായാണ് തെക്ക് ഭാഗത്തും വടക്കുഭാഗത്തുമുള്ള നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്നതായി തോന്നുക. എന്നാല്‍ ഉദയാസ്തമയമില്ലാതെ നിശ്ചലമായി നില്‍ക്കുന്ന ഒരു നക്ഷത്രമുണ്ട്. വടക്കന്‍ചക്രവാളത്തില്‍ കാണുന്ന ധ്രുവന്‍. ധ്രുവന് ചുറ്റുമുള്ള നക്ഷത്രങ്ങള്‍അതിനെ പ്രദക്ഷിണം ചെയ്യുകയാണെന്ന് തോന്നും. ഭൂമിയുടെ ഉത്തരധ്രുവത്തിന് നേരയാണ് ഈ നക്ഷത്രം എന്നതിനാലാണിത്.

നക്ഷത്രങ്ങള്‍ വ്യത്യസ്ത ശോഭയില്‍ കാണാമെന്ന് പറഞ്ഞല്ലോ.ഭൂമിയില്‍ നിന്നുള്ള അകലവും നക്ഷത്രത്തിന്റെ യഥാര്‍ത്ഥ ശോഭയുമാണ്കാഴ്ചയിലുള്ള ശോഭയെ നിര്‍ണ്ണയിക്കുന്നത്. സിറിയസ് (രുദ്രന്‍) കനോപ്പസ്( അഗസ്ത്യന്‍), ആല്‍ഫാസെന്റാറി, വേഗ, ചോതി, റീഗല്‍, തിരുവാതിര തുടങ്ങിയവസ്സകാഴ്ചയില്‍ ശോഭയേറിയ നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങള്‍പല നിറത്തില്‍ കാണപ്പെടുന്നു. നീല, വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ്നിറങ്ങളില്‍. റീഗല്‍ ഒരു നീല നക്ഷത്രമാണ്. തിരുവാതിര ചുവപ്പും. നക്ഷത്രങ്ങളുടെ നിറം നിര്‍ണ്ണയിക്കുന്നത് അതിന്റെ ഉപരിതലത്തിലെ താപനിലയാണ്. നീല നക്ഷത്രങ്ങള്‍ക്കാണ് ചൂട് കൂടുതല്‍. ചുവപ്പ് താപനിലഏറ്റവും കുറവുള്ളതും.

നക്ഷത്രളെല്ലാം അതേ പാറ്റേണില്‍ തുടരുന്നുഎന്നുള്ളതാണ് മറ്റൊരു സവിശേഷത. അതിനാല്‍ അവയെ കോര്‍ത്തിണക്കി വ്യത്യസ്ത രൂപങ്ങള്‍ നമുക്ക് ഭാവനയില്‍ സൃഷ്ടിക്കാം. ഈ വിധംനക്ഷത്രങ്ങളില്‍ രൂപങ്ങള്‍ ആരോപിച്ചാല്‍ അവയെ തിരിച്ചറിയാന്‍ എളുപ്പമായി. നക്ഷത്രങ്ങളെ തിരിച്ചറിയുന്നതോടെ മറ്റൊരു കാര്യം കൂടിശ്രദ്ധയില്‍പെടും. അവ എല്ലാ ദിവസവും ഒരേ സമയത്തല്ല ഉദിക്കുന്നത്.ദിവസവും ഓരോ നക്ഷത്രവും ഉദിക്കുന്ന സമയം 4 മിനിട്ട് മുന്നോട്ടാണ്.ഉദാഹരണമായി ഇന്ന് രാത്രി 8 മണിക്ക് ഉദിക്കുന്ന നക്ഷത്രം നാളെ 7.56നാണ് ഉദിക്കുക. അപ്പോള്‍ ഒരു മാസം കൊണ്ട് 2 മണിക്കൂര്‍ വ്യത്യാസത്തില്‍. വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും അതേ സ്ഥാനത്ത്. എന്താണിതിന് കാരണം? സൂര്യന് അഭിമുഖമായുള്ള നക്ഷത്രങ്ങള്‍ നമുക്ക് കാണാന്‍കഴിയില്ലല്ലോ. എതിര്‍ ഭാഗത്തെ നക്ഷത്രങ്ങളാണ് നാം രാത്രിയില്‍കാണുക. അപ്പോള്‍ സൂര്യന് ചുറ്റും ഭൂമി പ്രദക്ഷിണം വയ്ക്കുന്നതിനനുസരിച്ച് കാണുന്ന നക്ഷത്രങ്ങളും വ്യത്യസ്തമാകും.

പ്രഥമദൃഷ്ട്യാ നക്ഷത്രങ്ങളെ പോലെ തോന്നുമെങ്കിലും മിന്നിത്തിളങ്ങാതെ നിലയുറപ്പിച്ചവയാണ് ഗ്രഹങ്ങള്‍. നക്ഷത്രങ്ങളെ അപേക്ഷിച്ച്അവയ്ക്ക് സ്ഥാനചലനം സംഭവിക്കുന്നു. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം,ശനി എന്നീ അഞ്ചു ഗ്രഹങ്ങളെയാണ് നമുക്ക് വെറും കണ്ണുകൊണ്ട്കാണാനാവുക. ചന്ദ്രന്‍ കഴിഞ്ഞാല്‍ ആകാശത്ത് ഏറ്റവും ശോഭയോടെകാണപ്പെടുന്നത് ശുക്രനാണ്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യനസ്തമിച്ചതിന് ശേഷം, അല്ലെങ്കില്‍ കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യോദയത്തിന്മുമ്പ് ശുക്രന്‍ ഏവരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കും. സൂര്യനില്‍ നിന്ന്പരമാവധി 47 ഡിഗ്രി അകലത്തില്‍ മാത്രമേ ശുക്രനെ കാണൂ. അതിനാല്‍ അതിനെ നമുക്കൊരിക്കലും സൂര്യന് എതിര്‍ വശത്തോ തലയ്ക്കുമുകളിലോ (സമ്പൂര്‍ണ സൂര്യഗ്രഹണസമയത്ത് ഒഴികെ) കാണാനാവില്ല. ശുക്രന്‍ സൂര്യനെ പ്രദക്ഷിണം വെക്കുന്നത് ഭൂമിയ്ക്കും സൂര്യനുംഇടയിലുള്ള പഥത്തിലൂടെയായതിനാലാണിത്. ശുക്രനെപ്പോലെ ബുധനുംപ്രഭാതത്തില്‍ കിഴക്കന്‍ ചക്രവാളത്തിലോ സന്ധ്യയ്ക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിലോ ആയാണ് കാണാന്‍ കഴിയുക.സൂര്യനില്‍ നിന്ന് പരമാവധി 28 ഡിഗ്രി മാത്രമേ അകലത്തിലാകൂ എന്നതിനാല്‍ അപൂര്‍വ്വമായി മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന ഒരു ഗ്രഹമാണിത്. പോരെങ്കില്‍ ഒരു സാധാരണനക്ഷത്രത്തിന്റെ ശോഭ മാത്രമേ കാഴ്ചയിലുള്ളുതാനും. അല്‍പം ചുവപ്പരാശിയോടെ ചിലപ്പോള്‍ നല്ല ശോഭയോടെയും (സൂര്യന് എതിര്‍വശമാകുമ്പോള്‍) സൂര്യനോടടുക്കുമ്പോള്‍ ശോഭ കുറഞ്ഞും കാണപ്പെടുന്നതാണ് ചൊവ്വ. ശുക്രന്‍ കഴിഞ്ഞാല്‍ ആകാശത്ത് ശോഭയോടെ കാണപ്പെടുന്നത് വ്യാഴമാണ്. ഒരിടത്തരം നക്ഷത്രത്തെപ്പോലെ തോന്നിപ്പിക്കുന്നതാണ് ശനി. ഈ മൂന്ന് ഗ്രഹങ്ങളും കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ഏത്ഭാഗത്തും കാണാം. നക്ഷത്രമണ്ഡലത്തിലൂടെയുള്ള ഇവയോരോന്നിന്റെയും സഞ്ചാരം വ്യത്യസ്ത വേഗതയിലാണ്. ശനിയാണ് ഏറ്റവുംമെല്ലെ. ഒരു നക്ഷത്രത്തില്‍ നിന്നകന്ന് വീണ്ടും അതേ സ്ഥാനത്തെത്താന്‍29½ വര്‍ഷമെടുക്കും. വ്യാഴത്തിന് 12 വര്‍ഷമാണ് വേണ്ടത്. ചൊവ്വയ്ക്കാകട്ടെ ഒന്നരവര്‍ഷവും. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് നക്ഷത്രമണ്ഡലത്തിലൂടെയുള്ള ഇവയുടെ യാത്ര. എങ്കിലും ചിലപ്പോള്‍ ചെറിയ കാലയളവില്‍ തിരിച്ച് സഞ്ചരിക്കുന്നതായി തോന്നും. (ചൊവ്വയുടെ കാര്യത്തില്‍വളരെ പ്രകടമാണിത്). ബുധനും ശുക്രനും സൂര്യനെസ്സചുറ്റിപ്പറ്റി ദോലനംചെയ്യുന്നതായാണ് തോന്നുക. ബുധന്‍ സാമാന്യം നല്ല വേഗത്തില്‍ 88ദിവസം കൊണ്ട്. ശുക്രന്‍ 225 ദിവസവും.ചെറിയ ഒരു ബൈനോക്കുലര്‍ കൊണ്ട് ആകാശം ചുറ്റിക്കാണുകയാണെങ്കില്‍ പലയിടങ്ങളിലും "പുക' പോലെ പ്രകാശമാനമായ ചിലവയെകണ്ടെത്താന്‍ കഴിയും. നെബുലകളാണിവ. ആന്‍ഡ്രാമിഡ ഗാലക്സിയെയുംഈ വിധം തന്നെയാണ് കാണുക.

തെളിഞ്ഞ ആകാശത്ത് കണ്ണും നട്ടിരുന്നാല്‍ ചില തീക്കട്ടകള്‍ ഇടയ്ക്കിടെ പായുന്നതായി കാണാറുണ്ടല്ലോ. ഉല്‍ക്കകളാണിവ. ബഹിരാകാശത്ത് അലഞ്ഞുതിരിയുന്ന പാറകഷ്ണങ്ങളും മറ്റും (ധൂമകേതുക്കളില്‍നിന്നും വിട്ടുപോയത്) ഭൂമിയുടെ ആകര്‍ഷണ വലയത്തിലേക്ക് എത്തിഅതിവേഗതതില്‍ സഞ്ചരിച്ച് വായുമണ്ഡലത്തില്‍ വെച്ച് കത്തിതീരുന്നതാണത്. ചില ദിവസങ്ങളില്‍ ഉല്‍ക്കാവര്‍ഷം തന്നെ ഉണ്ടാവാറുണ്ട്.വളരെ അപൂര്‍വ്വമായി എന്നാല്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്വരുന്നവയാണ് ധൂമകേതുക്കള്‍. കുറച്ചുകാലം മാത്രം ആകാശത്ത് പ്രത്യക്ഷമായിരിക്കയും പിന്നീട് മടങ്ങി പോകുകയും ചെയ്യുന്ന ഇവയെ സംബന്ധിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ധൂമകേതുക്കളില്‍ചിലവ കൃത്യമായ ഇടവേളകളില്‍ ദൃശ്യമാവാറുണ്ട്. 76 വര്‍ഷം കൊണ്ട്എത്തുന്ന ഹാലിസ്സധൂമകേതുവാണ് ഇതില്‍ ഏറ്റവും പ്രശസ്തമായത്.

അടുത്ത പോസ്റ്റില്‍ ബാക്കി തുടരും..

ശാസ്ത്രവര്‍ഷം 2009 നാലു വിഷയങ്ങളില്‍ ക്ലാസുകള്‍

ശാസ്ത്രവര്‍ഷം 2009 ക്ലാസുകള്‍
കേരള ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രവര്‍ഷത്തോടനുബന്ധിച്ച് ശാസ്ത്രവര്‍ഷം ക്ലാസുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. നാലു വ്യത്യസ്ഥവിഷയങ്ങളിലായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. നിരവധി ക്ലാസുകള്‍ വിവിധ ജില്ലകളിലായി നടന്നു കഴിഞ്ഞു. ക്ലാസുകള്‍ നയിക്കുന്നവര്‍ക്കുള്ള പരിശീലനപരിപാടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. വിദ്യാലയങ്ങള്‍, കുടുംബശ്രീകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടം എന്നിവ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. എതെങ്കിലും ക്ലാസുകള്‍ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സംഘടനകള്‍ക്കും വിദ്യാലയങ്ങള്‍ക്കും വായനശാലകള്‍ക്കും ശാസ്ത്രസാഹിത്യപരിഷത്ത് അവസരമൊരുക്കുന്നു. അതത് ജില്ലകളിലെ പരിഷത്ത് ഭവനുകളുമായോ മേഖല കമ്മറ്റികളുമായോ ബന്ധപ്പെട്ടാല്‍ ക്ലാസുകള്‍ നടത്താന്‍ സഹായിക്കുന്നതാണ്. പൂര്‍ണ്ണമായും ശാസ്ത്രവിഷയങ്ങളില്‍ അധിഷ്ഠിതമായ ശാസ്ത്രവര്‍ഷം ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് വിജ്ഞാനകുതുകികള്‍ക്കും ഏറെ പ്രയോജനം ചെയ്യും.

ക്ലാസുകളുടെ വിഷയങ്ങള്‍

കാലം തെറ്റിയ കാലാവസ്ഥ
--ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും കാലാവസ്ഥാ മാറ്റം മനുഷ്യജീവിതത്തിലും മറ്റ് ജീവജാലങ്ങളുടെ ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു.

അത്ഭുതകരമായ ആകാശം
ആകാശത്തെ അത്ഭുതങ്ങളെക്കുറിച്ചാണ് ഈ ക്ലാസ്. സൌരയൂഥം, സൌരയൂഥരൂപീകരണം,
വാനനിരീക്ഷണം, ടെലിസ്കോപ്പ്, ടെലിസ്കോപ്പ് നിര്‍മ്മാണം, നക്ഷത്രങ്ങള്‍, നക്ഷത്രപരിണാമം, നെബുലകള്‍, ഗാലക്സികള്‍, പ്രപഞ്ചം, പ്രപഞ്ചരൂപീകരണ സിദ്ധാന്തങ്ങള്‍, പ്രപഞ്ചവിജ്ഞാനീയം, പ്രാചീന ജ്യോതിശാസ്ത്രം, ജ്യോതിശാസ്ത്രചരിത്രം തുടങ്ങി വിവിധ വിഷയങ്ങള്‍ ഈ ക്ലാസില്‍ പരാമര്‍ശിക്കപ്പെടുന്നു. വേദികള്‍ക്കനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കുന്നു.

പരിണാമം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍
ഡാര്‍വിനെക്കുറിച്ചും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചും ക്ലാസില്‍ പരാമര്‍ശിക്കുന്നു. ഡാര്‍വ്വിനെ തുടര്‍ന്നുണ്ടായ ജീവശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്. മനുഷ്യന്റെ ഉത്പത്തിയുടെ പ്രഹേളികമാത്രമല്ല പ്രകൃതിയിലെ ഇതര ജീവജാലങ്ങളുമായുള്ള മനുഷ്യന്റെ ബന്ധം കൂടിയാണ് ഈ കുതിപ്പിലൂടെ വെളിപ്പെട്ടത്. ഡാര്‍വ്വിന്റെ കപ്പല്‍യാത്ര, പരിണാമസിദ്ധാന്തം, മെന്‍ഡലിന്റെ പൂന്തോട്ടം, അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍, മോര്‍ഗന്റെ പഴയീച്ചകള്‍, നവഡാര്‍വിനിസം, ഫോസിലുകള്‍ പറഞ്ഞ കഥ, മാറുന്ന വന്‍കരക, ഇന്റലിജന്റ് ഡിസൈന്‍ തുടങ്ങി വിവിധ വിഷയങ്ങളിലൂടെ ഈ ക്ലാസ് കടന്നു പോകുന്നു.

മാനുഷരെല്ലാരുമൊന്നു പോലെ
ജനിതകഘടനയും മനുഷ്യനും ആണ് ഇതിലെ വിഷയം. മനുഷ്യരുടെ ജനിതകസാദൃശ്യത്തെക്കുറിച്ചും സാമൂഹികമായ ജീവിതത്തെക്കുറിച്ചുമെല്ലാം പരാമര്‍ശിക്കപ്പെടുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമെല്ലാം ചിന്തിക്കാന്‍ 'മാനുഷരെല്ലാരുമൊന്നുപോലെ' പ്രേരിപ്പിക്കുന്നു. ഡി.എന്‍.എ, ജനിതക കോഡ് , തന്മാത്രാ ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ക്ലാസുകളുടെ അടിത്തറയാണ്.