2009 is celebrated as International Year of Astronomy 2009. For any information regarding international Year of astronomy please visit ***** http://www.astronomy2009.org *****

Wednesday, July 15, 2009

പൂര്‍ണ്ണസൂര്യഗ്രഹണം - മുന്‍കൂറായി ചില കാഴ്ചകളും വിശേഷങ്ങളും

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷത്തിലെ പൂര്‍ണ്ണസൂര്യഗ്രഹണം

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായ 2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. അവിടെ നിന്നും തുടങ്ങുന്ന ചന്ദ്രന്റെ നിഴലിന്റെ പ്രയാണം മധ്യഭാരതത്തിലൂടെ കടന്നു പോകുന്നു. ഇന്ത്യയില്‍ വെരാവലില്‍ ആണ് സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. തുടര്‍ന്ന് സൂറത്ത്, വഡോധര, ഇന്‍ഡോര്‍,ഭോപ്പാല്‍, അലഹബാദിലെ ചില ഭാഗങ്ങള്‍, വാരണാസി, പാറ്റ്ന,ഡാര്‍ജലിംഗ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നു. ഇവിടെയെല്ലാം പരിപൂര്‍ണ്ണസൂര്യഗ്രഹണം ദൃശ്യമാകും.



(കറുത്ത പൊട്ട് പൂര്‍ണ്ണസൂര്യഗ്രണം സൂചിപ്പിക്കുന്നു.)

ഇതിനിടക്ക് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലൂടെയും ഗ്രഹണം കടന്നു പോകുന്നുണ്ട്. തുടര്‍ന്ന് മ്യാന്‍മാര്‍ കടന്ന് ചൈനയിലൂടെ ജപ്പാനിലേക്ക് പ്രവേശിക്കുന്നു. പസഫിക്ക് സമുദ്രത്തിലൂടെ നീങ്ങുന്ന പൂര്‍ണ്ണഗ്രഹണം ജപ്പാനിലെ Ryukyu, ഇവോജിമ(Iwo Jima),മാര്‍ഷല്‍, ഗില്‍ബര്‍ട്ട് ദ്വീപുകള്‍ എന്നറിയപ്പെടുന്ന കിരിബാത്തി (Kiribati ), ഫീനിക്സ് ദ്വീപുകളിലൂടെയാണ് കടന്നു പോകുന്നത്. പൂര്‍ണ്ണസൂര്യഗ്രഹണത്തിന്റെ പാത ഇടുങ്ങിയതാണെങ്കിലും ഭാഗികഗ്രഹണം വളരെയധികം ഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന്‍, ചൈന,നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ എല്ലാ ഭാഗത്തും ഭാഗികസൂര്യഗ്രഹണം കാണുവാന്‍ സാധിക്കും. കിഴക്കേ ഏഷ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ത്യോനേഷ്യയിലും ഭാഗികഗ്രഹണം ദൃശ്യമായിരിക്കും.


മുന്‍കൂറായി കേരളത്തിലെ ചില ഗ്രഹണക്കാഴ്ചകള്‍ (സ്റ്റെല്ലേറിയത്തില്‍ ചെയ്തത്)

ഉദയസൂര്യന്‍ ഗ്രഹണസൂര്യനായിരിക്കും 6.15 ഓടെ സൂര്യനുദിക്കും


(സൂര്യഗ്രഹണം ആരംഭിച്ചു)


(6.20 നുള്ള ഗ്രഹണക്കാഴ്ച)


(പരമാവധി ഗ്രഹണം ഏകദേശം 6.27 ന് സംഭവിക്കും)


(6.36 നുള്ള ഗ്രഹണക്കാഴ്ച)


(ഗ്രഹണം അവസാന നിമിഷങ്ങള്‍ . സൂര്യനെ ഇപ്പോള്‍ നേരിട്ട് നോക്കരുത്. 7.15 ഓടെ ഗ്രഹണം പൂര്‍ത്തിയാകും)




ഇന്ത്യയിലൂടെയുള്ള ഗ്രഹണത്തിന്റെ പാത



ഇവോജിമ ദ്വീപുകാര്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം കാണുവാന്‍ സാധിക്കും. 6 മിനിട്ടും 39 സെക്കന്റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ഗ്രഹണം അവസാനിക്കുന്നതും പസഫിക്ക് സമുദ്രത്തില്‍ തന്നെയാണ്. 2132 ജൂണ്‍ 13 ന് മാത്രമേ ഇനി ഇത്രയും ദൈര്‍ഘ്യമേറിയ ഒരു പൂര്‍ണ്ണസൂര്യഗ്രഹണം ഭൂമിയില്‍ നടക്കുന്നുള്ളൂ (വിക്കിപീഡിയയില്‍ നിന്നും ലഭ്യമായ വിവരം). ഇതിലും ദൈര്‍ഘ്യം കുറഞ്ഞ നിരവധി പൂര്‍ണ്ണസൂര്യഗ്രഹണങ്ങള്‍ മിക്കവാറും എല്ലാ വര്‍ഷവും ഭൂമിയുടെ വിവിധയിടങ്ങളില്‍ അരങ്ങേറാറുണ്ട്. അത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉണ്ടാവും. ഇനി അടുത്ത പൂര്‍ണ്ണസൂര്യഗ്രഹണത്തിനായി 2132 വരെ കാത്തിരിക്കണം എന്നുള്ള പ്രചരണങ്ങളെല്ലാം ശുദ്ധഅസംബന്ധമാണ് എന്ന് പറയാതെ വയ്യ.



ഗ്രഹണം കാണാന്‍ മറക്കരുതേ
ഉറക്കമുണരുമ്പോള്‍ തന്നെ സൂര്യഗ്രഹണം കാണാം എന്ന അപൂര്‍വ്വഭാഗ്യമാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. അത് നഷ്ടപ്പെടുത്താതെ സൂര്യഗ്രഹണം വീക്ഷിക്കാന്‍ ശ്രമിക്കുക. അതിരാവിലെ സൂര്യോദയം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കുക. ഏതാണ്ട് 6.15 ഓടെ അപൂര്‍വ്വമായ ഒരു സൂര്യോദയത്തിനാകും നാം സാക്ഷ്യം വഹിക്കുക. 6.27 ഓടെ (കൊച്ചിയിലെ സമയമാണ്. മറ്റുള്ള ഇടങ്ങളില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം) പരമാവധി ഗ്രഹണം കേരളത്തില്‍ ദൃശ്യമാവും. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണാനുള്ള അപൂര്‍വ്വഅവസരമാണിത്. പ്രഭാതസൂര്യനായതിനാല്‍ ഒരു തരത്തിലുള്ള ഫില്‍ട്ടറുകളുടേയും സഹായമില്ലാതെ നമുക്ക് സൂര്യഗ്രഹണം ആസ്വദിക്കാന്‍ കഴിയും. ചുവന്ന തേങ്ങാക്കൊത്തു പോലെ മനോഹരമായ ഒരു കാഴ്ചയായിരിക്കും അത്. സൂര്യരശ്മികള്‍ക്ക് ശക്തികൂടുന്നതു വരെ യാതൊരു ഭയാശങ്കയും കൂടാതെ നമുക്ക് സൂര്യഗ്രഹണം കാണാം. ആറേമുക്കാല്‍ - ഏഴുമണി കഴിഞ്ഞാല്‍ പിന്നെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ഗ്രഹണം കാണുന്നതായിരിക്കും സുരക്ഷിതം. ഏതാണ്ട് 60% ത്തിലധികം സൂര്യഗ്രഹണം നമുക്ക് കാണാന്‍ കഴിയും.

സുരക്ഷിതമായി ഗ്രഹണം കാണാനുള്ള വഴികള്‍ (സൂര്യരശ്മികള്‍ ശക്തിപ്രാപിച്ച ശേഷം)

വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി.
പിന്‍ഹോള്‍ ക്യാമറ നിര്‍മ്മിച്ചും സൂര്യനെ കാണാം. സൂര്യന്റെ പ്രതിബിംബം ഭിത്തിയില്‍ പതിപ്പിച്ചും സൂര്യഗ്രഹണം കാണാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഒരു കണ്ണാടി സംഘടിപ്പിക്കുക. ഒരു ചാര്‍ട്ട് പേപ്പര്‍ എടുത്ത് അഞ്ച് മില്ലിമീറ്റര്‍ വ്യാസത്തില്‍ ഒരു ദ്വാരമിടുക. ദ്വാരം കണ്ണാടിയുടെ മധ്യത്തില്‍ വരത്തക്കവിധം ചാര്‍ട്ട് പേപ്പര്‍ കണ്ണാടിയില്‍ ചേര്‍ത്ത് ഉറപ്പിക്കുക. റബര്‍ബാന്‍ഡോ മറ്റോ ഉപയോഗിച്ച് ഉറപ്പിക്കാവുന്നതേ ഉള്ളൂ. ദ്വാരത്തിലൂടെയല്ലാതെ മറ്റൊരിടത്തു നിന്നും പ്രകാശം പ്രതിഫലിക്കരുത്. ഈ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭിത്തിയിലേക്കോ സ്ക്രീനിലേക്കോ പ്രതിഫലിപ്പിക്കുക. സൂര്യന്റെ പ്രതിബിംബമായിരിക്കും ഭിത്തിയില്‍ കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായും ഇപ്രകാരം കാണാവുന്നതാണ്.
യാതൊരു കാരണവശാലും ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.

ജൂലായ് 22 ന് സൂര്യഗ്രഹണം നഷ്ടപ്പെട്ടാല്‍ .... അടുത്ത ഗ്രഹണങ്ങള്‍
2010 ജാനുവരി 15 നും 2010 ജൂലായ് 11 നും അടുത്ത സൂര്യഗ്രഹണങ്ങള്‍ കാണാം. ഇതില്‍ ജൂലായ് മാസത്തിലെ ഗ്രഹണം പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. എന്നാല്‍ ഇത് ഏതാണ്ട് പൂര്‍ണ്ണമായും പസഫിക്ക് സമുദ്രത്തിലൂടെയാണ് കടന്നു പോകുന്നത്. തെക്കേ അമേരിക്കയിലെ അര്‍ജന്റീന,ചിലി തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് ഗ്രഹണം പൂര്‍ണ്ണമായും കാണപ്പെടുന്ന മനുഷ്യവാസപ്രദേശം. അതു തന്നെ വളരെ കുറഞ്ഞ സമയത്തേക്കു മാത്രവും. ഇന്ത്യയിലുള്ളവര്‍ക്ക് ഈ ഗ്രഹണം ദൃശ്യമല്ല. എന്നാല്‍ 2010 ജാനുവരി 15 ന് സംഭവിക്കുന്ന വലയഗ്രഹണം കേരളത്തിലൂടെ കടന്നു പോകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏതാണ്ട് പൂര്‍ണ്ണമായ വലയഗ്രഹണം കാണാന്‍ അന്ന് കഴിയും.

NB: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ മേഖലകളില്‍ സൂര്യഗ്രഹണം കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ അതാത് മേഖല കമ്മറ്റികളുമായി ബന്ധപ്പെടുക


No comments:

Post a Comment