2009 is celebrated as International Year of Astronomy 2009. For any information regarding international Year of astronomy please visit ***** http://www.astronomy2009.org *****

Tuesday, January 20, 2009

സൂര്യഗ്രഹണം വരുന്നൂ റിപ്പബ്ലിക്ക് ദിന സമ്മാനമായി...

2009 ലെ ആദ്യ സൂര്യഗ്രഹണം ജനുവരി 26 ന് നടക്കും. വലയഗ്രഹണമാണ് ദൃശ്യമാവുക. ഇന്ത്യന്‍ മഹാസമുദ്രത്തിലും പടിഞ്ഞാറേ ഇന്‍ഡോനേഷ്യയിലുമായാണ് ഗ്രഹണം നടക്കുന്നത്. ഭാഗിക സൂര്യഗ്രഹണം നിരവധിയിടങ്ങളില്‍ ദൃശ്യമാകും. ആഫ്രിക്ക, മഡഗാസ്കര്‍, ആസ്ട്രേലിയ, ഇന്ത്യ തുടങ്ങിയിടങ്ങളിലൂടെ ഗ്രഹണം കടന്നു പോകും. തെക്കേ അറ്റ്ലാന്റിക്കിലാണ് ഗ്രഹണം തുടങ്ങുന്നത്. ഏതാണ്ട് 363 കിലോമീറ്റര്‍ വിസ്തൃതമായ ഭൂഭാഗത്തു കൂടിയാണ് ഗ്രഹണം മുന്നേറുന്നത്. പൂര്‍ണ്ണമായ വലയഗ്രഹണം ഏതാണ്ട് എട്ട് മിനിട്ട് നീണ്ടു നില്‍ക്കും. ഗ്രഹണസമയത്ത് ഏതാണ്ട് 14500 കിലോമീറ്ററോളം ചന്ദ്രന്റെ നിഴല്‍ സഞ്ചരിക്കും.

( ഗ്രഹണം നടക്കുന്ന ഭൂപ്രദേശങ്ങള്‍. ചുവന്ന വൃത്തങ്ങള്‍ കാണിച്ചിരിക്കുന്നിടത്ത് വലയഗ്രഹണം പൂര്‍ണ്ണമായും കാണാം. )

കേരളത്തില്‍ ഗ്രഹണം ഭാഗികമായി ദൃശ്യമാണ്. 2.20pm മുതല്‍ 4.05pm വരെ ഗ്രഹണം കേരളത്തില്‍ അനുഭവപ്പെടും. സൂര്യന്റെ ഏതാണ്ട് പതിനാറിലൊന്ന് മാത്രമാണ് മറയുന്നത്. തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് അല്പം കൂടി മറയുന്നത് കാണുവാന്‍ കഴിയും. വടക്കന്‍ കേരളത്തിലോട്ട് പോകും തോറും മറയ്ക്കപ്പെടുന്ന സൂര്യന്റെ ഭാഗം കുറവായിരിക്കും. സൂര്യഗ്രഹണം അപൂര്‍വ്വമായ ഒരു ആകാശക്കാഴ്ചയാണ്. ഒരു മനുഷ്യായുസ്സില്‍ കാണാന്‍ കഴിയുന്ന സൂര്യഗ്രഹണങ്ങളുടെ എണ്ണം വളരെ കുറവായിരിക്കും. അതു കൊണ്ടു തന്നെ ശാസ്ത്രവര്‍ഷമായി 2009 ല്‍ നടക്കുന്ന ആദ്യ വലയഗ്രഹണം കാണാന്‍ മറക്കരുത്.
എന്നാല്‍ നേരിട്ട് സൂര്യനെ നോക്കൂന്നത് അപകടമാണ്. സൂര്യഗ്രഹണ സമയത്ത് പ്രകാശ തീവ്രത കുറവാണെങ്കില്‍ പോലും കൂടുതല്‍ സമയം നേരിട്ട് സൂര്യനെ നോക്കൂന്നത് ദോഷം ചെയ്യും. അതിനാല്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നോക്കുന്നതാണ് നല്ലത്. വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി.
പിന്‍ഹോള്‍ ക്യാമറ നിര്‍മ്മിച്ചും സൂര്യനെ കാണാം. സൂര്യന്റെ പ്രതിബിംബം ഭിത്തിയില്‍ പതിപ്പിച്ചും സൂര്യഗ്രഹണം കാണാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഒരു കണ്ണാടി സംഘടിപ്പിക്കുക. ഒരു ചാര്‍ട്ട് പേപ്പര്‍ എടുത്ത് അഞ്ച് മില്ലിമീറ്റര്‍ വ്യാസത്തില്‍ ഒരു ദ്വാരമിടുക. ദ്വാരം കണ്ണാടിയുടെ മധ്യത്തില്‍ വരത്തക്കവിധം ചാര്‍ട്ട് പേപ്പര്‍ കണ്ണാടിയില്‍ ചേര്‍ത്ത് ഉറപ്പിക്കുക. റബര്‍ബാന്‍ഡോ മറ്റോ ഉപയോഗിച്ച് ഉറപ്പിക്കാവുന്നതേ ഉള്ളൂ. ദ്വാരത്തിലൂടെയല്ലാതെ മറ്റൊരിടത്തു നിന്നും പ്രകാശം പ്രതിഫലിക്കരുത്. ഈ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭിത്തിയിലേക്കോ സ്ക്രീനിലേക്കോ പ്രതിഫലിപ്പിക്കുക. സൂര്യന്റെ പ്രതിബിംബമായിരിക്കും ഭിത്തിയില്‍ കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായും ഇപ്രകാരം കാണാവുന്നതാണ്.

യാതൊരു കാരണവശാലും ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.

(നടക്കാന്‍ പോകുന്ന സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമാവുന്നത് സ്റ്റെല്ലേറിയം എന്ന സ്വതന്ത്ര സോഫ്റ്റ്വെയറില്‍ ചിത്രീകരിച്ചിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്നു.)












വലയഗ്രഹണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്. http://eclipse.gsfc.nasa.gov/OH/OH2009.html#2009Jan26A

സമാനമായ മറ്റൊരു പോസ്റ്റ് mystarwatching.blogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്

ഈ വിവരങ്ങള്‍ ഇടക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടക്ക് സന്ദര്‍ശിക്കുക


2 comments:

Appu Adyakshari said...

ടോട്ടോച്ചാനേ... ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം ഏഷ്യന്‍ മേഖലയില്‍ ഇനി അടുത്തിടയൊന്നുമില്ല അല്ലേ :-(

ടോട്ടോചാന്‍ said...

അപ്പൂ പൂര്‍ണ്ണസൂര്യഗ്രഹണം ഈ വരുന്ന ജൂലായ് 22 ന് ഉണ്ട്. കേരളത്തില്‍ ഭാഗികമാണെങ്കിലും മുംബായില്‍ ചെന്നാല്‍ പൂര്‍ണ്ണമായും കാണാം. കേരളത്തില്‍ കാലവര്‍ഷമായതിനാല്‍ ചിലപ്പോള്‍ നമ്മെ കാര്‍മേഘം പറ്റിച്ചെന്നും ഇരിക്കും...

Post a Comment