2009 is celebrated as International Year of Astronomy 2009. For any information regarding international Year of astronomy please visit ***** http://www.astronomy2009.org *****

Thursday, February 5, 2009

ലുലിന്‍ വാല്‍നക്ഷത്രം വരുന്നൂ നമുക്ക് വരവേല്‍ക്കാം..


വരുന്നൂ ലുലിന്‍ വാല്‍നക്ഷത്രം


കണ്ടുപിടുത്തങ്ങള്‍ പലപ്പോഴും യാദൃശ്ചികമാണ്. പക്ഷേ നിരന്തരമായ നീരീക്ഷണവും ക്ഷമയും ത്വരയും കാത്തിരിപ്പിനൊടുവില്‍ നമുക്ക് വിജയം കൊണ്ടുവന്നു തരും. പ്രത്യേകിച്ചും ശാസ്ത്രത്തിന്റെ മേഖലയില്‍. ചൈനയിലെ ക്വന്‍ഷി യെ തന്നെയാണ് അതിനുദാഹരണവും. 1996 ല്‍ ഏഴു വയസ്സുള്ളപ്പോഴാണ് ക്വന്‍ഷി-യെ ക്ക് ഒരു ടെലിസ്കോപ്പിലൂടെ ഒരു വാല്‍നക്ഷത്രത്തെ കാണാന്‍ അവസരമുണ്ടായത്. അന്നത്തെ ഹെയില്‍-ബോപ്പ് വാല്‍നക്ഷത്രം പിന്നീട് യെയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. ആകാശക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു യെ പിന്നീട് ചെയ്തത്.

2007 ലെ ഒരു ജൂലായില്‍ ഒരു നക്ഷത്രമാപ്പും നോക്കിയിരുന്ന യെയുടെ ശ്രദ്ധ ഒരു പ്രത്യേക നക്ഷത്രത്തിലേക്ക് തിരിഞ്ഞു. തായ്വാന്‍ ലുലിന്‍ നക്ഷത്രനിരീക്ഷണാലയത്തിലെ ചി-ഷെങ്ങ്-ലിന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രമായിരുന്നു അത്. മറ്റു നക്ഷത്രങ്ങളില്‍ നിന്നും ആ പ്രകാശബിന്ദു മാത്രം വ്യത്യസ്ഥമാണ് എന്ന കാര്യം യെ തിരിച്ചറിഞ്ഞു. അതോടെ മറ്റാരും അതു വരെ കാണാത്ത ഒരു വാല്‍നക്ഷത്രത്തെ കാണാനുള്ള ഭാഗ്യം പതിനേഴ് മാത്രം പ്രായമുള്ള യെക്ക് ലഭിക്കുകയായിരുന്നു. ചൈനയിലെ സണ്‍ യാട്ട്-സെന്‍ സര്‍വ്വകലാശാലയില്‍ ഇപ്പോഴും പഠനം നടത്തുകയാണ് യെ.


(അരിസോണയിലെ സ്വന്തം നിരീക്ഷണാലയത്തില്‍ നിന്നും ജാക്ക് ന്യൂട്ടണ്‍ എന്ന അമ്വച്വര്‍ വാനനിരീക്ഷകന്‍ എടുത്ത ഫെബ്രുവരി ഒന്നിന് പതിനാല് ഇഞ്ച് ടെലിസ്കോപ്പ് ഉപയോഗിച്ച് എടുത്ത ചിത്രം)

തായ്വാനിലെ ലുലിന്‍ നിരീക്ഷണാലയത്തിലെ ഫോട്ടോയില്‍ നിന്നാണ് യെ ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത് എന്നതിനാല്‍ ലുലിന്‍ വാല്‍നക്ഷത്രം എന്നാണ് ഇതിപ്പോള്‍ അറിയപ്പെടുന്നത്. ലുലിന്‍ വാല്‍നക്ഷത്രം ഇപ്പോള്‍ ഭൂമിയെ സന്ദര്‍ശിക്കാന്‍ പോവുകയാണ്. ഫെബ്രുവരി 6 ന് ആദ്യമായി ഈ വാല്‍നക്ഷത്രത്തെ കാണാനുള്ള ഭാഗ്യം നമുക്ക് ലഭിക്കും. ഫെബ്രുവരി 24 ന് ആണ് ലുലിന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നത്. പച്ചനിറത്തിലായിരിക്കും ധൂമകേതു കാണപ്പെടുക. ശക്തിയേറിയ ഒരു ബൈനോക്കുലറോ ടെലിസ്കോപ്പോ ലുലിന്റെ ദര്‍ശനം ലഭിക്കാന്‍ ആവശ്യമാണ്. നാലോ അഞ്ചോ ആയിരിക്കും ലുലിന്റെ കാന്തിമാനം എന്നു കരുതപ്പെടുന്നു. നല്ല തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാം എന്നര്‍ത്ഥം. എന്നാല്‍ അത് ധൂമകേതുവാണ് എന്ന് തിരിച്ചറിയണമെങ്കില്‍ നല്ല ഒരു ബൈനോക്കുലര്‍ തന്നെ വേണ്ടി വരും.

സയനോജന്‍, കാര്‍ബണ്‍ എന്നിവ ലുലിന്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സില്‍ അടങ്ങിയിട്ടിട്ടുണ്ട്. ഈ രണ്ടു പദാര്‍ത്ഥങ്ങളും ചേര്‍ന്നാണ് ലുലിന് സൂര്യപ്രകാശത്തില്‍ പച്ച നിറം നല്‍കുന്നത്. ഇതില്‍ സയനജന്‍ ഒരു വിഷവാതകമാണ്. ഹാലി ധൂമകേതു സന്ദര്‍ശന വേളയില്‍ പലരും സയനജന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം എന്ന് കരുതിയിരുന്നു. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തെ മറികടന്ന് ഭൂമിയിലെത്താന്‍ ഹാലിയുടെ വാലിനും കഴിഞ്ഞില്ല.

ഫെബ്രുവരി 6



അതിരാവിലെ ഏകദേശം മൂന്ന് മണിയോടെ ലുലിനെ കാണാന്‍ നമുക്ക് അവസരമുണ്ട്. രാവിലെ എണീറ്റ് കിഴക്കോട്ട് നോക്കുക. അവിടെ തുലാം രാശി ഉദിച്ചുയര്‍ന്ന് നില്‍ക്കുന്നത് കാണാം. തുലാം ഗണത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ Zubenelgenubi കണ്ടെത്തുക (വിശാഖം നക്ഷത്രങ്ങളില്‍ ഒന്ന്). ആ നക്ഷത്രത്തിലേക്ക് ബൈനോക്കുലര്‍ ചൂണ്ടുക. ലുലിന്‍ വാല്‍നക്ഷത്രത്തെ പച്ച നിറത്തില്‍ നമുക്ക് കണ്ടെത്താം.

ഫെബ്രുവരി 16


ആറിന് കാണാന്‍ കഴിയാത്തവര്‍ക്കായി പതിനാറിന് വീണ്ടും എളുപ്പം കണ്ടെത്താവുന്ന ഇടത്ത് . ഇത്തവണ കന്നി രാശിയിലാണ് ലുലിന്‍. കന്നി രാശിയിലെ എറ്റവും പ്രഭയേറിയ Spica നക്ഷത്രത്തിന് (ചിത്തിര നക്ഷത്രങ്ങളില്‍ ഒന്ന്) സമീപമാണ് ലുലിന്റെ സ്ഥാനം.


ഫെബ്രുവരി 24



ഇന്നാണ് ലുലിന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത്. ഇപ്പോള്‍ ചിങ്ങം നക്ഷത്രഗണത്തിലാണ് ലുലിനെ കാണപ്പെടുക. ചിങ്ങം നക്ഷത്രഗണത്തില്‍ തന്നെയാണ് ശനിയുടേയും സ്ഥാനം. അതിനടുത്തായി ലുലിനെ നമുക്ക് കാണാം. പൂരം ഉത്രം എന്നീ നക്ഷത്രങ്ങള്‍ക്കിടയില്‍ പൂരം നക്ഷത്രങ്ങള്‍ക്കടുത്തായാണ് ശനി കാണപ്പെടുക. ചിങ്ങം നക്ഷത്രഗണത്തെ കണ്ടെത്തിയാല്‍ അതിനടുത്ത് ഏറ്റവും പ്രഭയോടെ നില്‍ക്കുന്നത് ശനി ആയിരിക്കും. ശനിയില്‍ നിന്നും അല്പം മാറി ശ്രദ്ധിച്ചു നോക്കിയാല്‍ ലുലിനെ കണ്ടെത്താം.

പത്തൊന്‍പതു വയസ്സു മാത്രം പ്രായമുള്ള യെ ഇപ്പോഴും അടക്കാനാവാത്ത സന്തോഷത്തിലാണ്. ലുലിന്‍ വാല്‍നക്ഷത്രത്തെ കാണുന്ന ഓരോരുത്തര്‍ക്കും യെക്കൊപ്പം ആ സന്തോഷം പങ്കുവയ്ക്കാം. യെയുടെ അനുഭവങ്ങള്‍ നമുക്കിടയിലെ ഓരോ കുട്ടിക്കും പ്രചോദനമായേക്കാം... ഇനിയും പുതിയ പുതിയ കണ്ടെത്തലുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.. ആകാശക്കാഴ്ചകളിലെ അത്ഭുതങ്ങള്‍ക്കായി....

6 comments:

ശ്രീ said...

വിജ്ഞാനപ്രദമായ ഇത്തരം പോസ്റ്റുകള്‍ക്ക് നന്ദി.

നമുക്ക് കാത്തിരിയ്ക്കാം, ലുലിന്‍ വാല്‍ നക്ഷത്രത്തിനായി...

ടോട്ടോചാന്‍ said...

നന്ദി ശ്രീ...

Rejeesh Sanathanan said...

ഒരുപാട് ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ.........ഈ നല്ല പോസ്റ്റിന് നന്ദി

വേണു venu said...

അറിവു പകരുന്ന ലേഖനങ്ങള്‍ക്ക് നന്ദി..

Appu Adyakshari said...

നന്ദി ടോട്ടോച്ചാന്‍.. ഫെബ്രുവരി 16 ന്‍ ഒന്നു നോക്കട്ടെ

ടോട്ടോചാന്‍ said...

മാറുന്ന മലയാളി, വേണു, അപ്പു നന്ദി... ഫെബ്രുവരി പതിനാറിനു മുന്‍പും കാണാം. സ്ഥാനം കണ്ടെത്തേണ്ടി വരും എന്നു മാത്രം

Post a Comment