കുറിപ്പ് : അത്ഭുതകരമായ ആകാശം എന്ന ക്ലാസിനു വേണ്ട വിവരങ്ങള്‍ തുടര്‍ച്ചയായി ഈ സൈറ്റില്‍ ലഭ്യമാക്കുന്നു. ഈ ലേഖനവും അതിന്റെ ഭാഗമായിട്ടുള്ളതാണ്
ആമുഖം
ആകാശക്കാഴ്ചകള്‍ എക്കാലത്തും മനുഷ്യനെ വിസ്മയം കൊള്ളിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭാവനയെയും ജിജ്ഞാസയെയും അതെപ്പോഴുംഉണര്ത്തിയിട്ടുമുണ്ട്. ദിക്കറിയാനും സമയമറിയാനും കാലം ഗണിക്കാനുമെല്ലാം നക്ഷത്രങ്ങളും ആകാശ സംഭവങ്ങളും സഹായകമായതോടെഏത് പ്രദേശത്തിന്റെയും സംസ്കാരത്തിലെ അവിഭാജ്യഘടകമായിആകാശ വിജ്ഞാനം. ഏറ്റവും ആദ്യം വികസിച്ചുവന്ന ശാസ്ത്രശാഖകളിലൊന്നാണ് ജ്യോതിശ്ശാസ്ത്രം. എന്നാല്‍ ശാസ്ത്രം വളരെയേറെ പുരോഗമിക്കുകയും ശാസ്ത്രവിജ്ഞാനങ്ങള്‍ വളരെ ജനകീയമാവുകയുംചെയ്ത ഈ കാലഘട്ടത്തില്‍ പോലും ജ്യോതിശ്ശാസ്ത്രം സംബന്ധിച്ചമിക്കവരുടെയും ധാരണകള്‍ പാഠപുസ്തകത്താളുകള്‍ക്കപ്പുറത്തേക്ക് കടക്കുന്നില്ല. നമ്മുടെ ആകാശത്ത് നിത്യേന കാണുന്ന ആകാശകാഴ്ചകള്ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മനസ്സിലാക്കാനോ ആസ്വദിക്കാനോ ആവുന്നില്ല. എന്നു മാത്രമല്ല പല തെറ്റിദ്ധാരണകളും വെച്ചു പുലര്‍ത്തുകയുംചെയ്യുന്നു. അതിനാല്‍ പരിഷത്ത് നടത്തുന്ന ഈ ക്ലാസ്സുകളുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം അത്ഭുതകരമായ ആകാശദൃശ്യങ്ങള്‍ ആസ്വദിക്കാന്ജനങ്ങളില് താല്പര്യമുളവാക്കുകയും അതിലൂടെ അവരുടെ പ്രപഞ്ചവിജ്ഞാനത്തെ വികസിപ്പിക്കുകയുമാണ്.
ആകാശകാഴ്ചകള്‍
ആദ്യം നമുക്ക് നാം നിത്യേന കാണുന്ന ആകാശ കാഴ്ചകളുടെസവിശേഷതകളിലേക്ക് കടക്കാം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാംകിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നത് ഏവരും നിരീക്ഷിക്കുന്ന കാര്യമാണ്. ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുന്നതുമൂലമാണ്നമുക്കിങ്ങനെ തോന്നുവാന്‍ കാരണമെന്നും എല്ലാവര്ക്കും അറിയാം.എന്നാല്‍ അതിനുമുപരിയായി ഒട്ടേറെ കാഴ്ചകള്‍ക്ക് നാം നിത്യേനസാക്ഷിയാവുന്നുണ്ട്. ഉദാഹരണമായി പകല്‍ സമയത്തെ കാര്യമെടുക്കാം.സൂര്യന് ദിവസവും ഒരേ സ്ഥലത്താണോ ഉദിക്കുന്നത്? അസ്തമിക്കുന്നതും? വര്‍ഷത്തില്‍ രണ്ടേരണ്ടു ദിവസം മാത്രമാണ് സൂര്യ നേര്‍കിഴക്ക് ഉദിച്ച് നേര് പടിഞ്ഞാറസ്തമിക്കുന്നത്. മിക്കവാറും മാര്‍ച്ച് 21 ഉംസപ്തംസ്സര് 22 ഉം ആയാണ് ആ ദിവസങ്ങള്‍ വരിക. മാര്‍ച്ച് 21 ന് ശേഷംസൂര്യന് അല്പാല്പമായി വടക്കോട്ട് നീങ്ങി ജൂണ്‍ 22 ആവുമ്പോള്സൂര്യന് പരമാവധി 23½ ഡിഗ്രി വടക്ക് മാറി ഉദിക്കുന്നു. പിന്നീട് സൂര്യന്തെക്ക് ഭാഗത്തേക്ക് യാത്രയായി സെപ്തംര്‍ 22 ന് നേരെ കിഴക്കെത്തും.തുടര്‍ന്ന് ഡിസംബര്‍ 21 ആകുമ്പോള്‍ 23½ ഡിഗ്രി തെക്കു ഭാഗത്തെത്തിതുടര്ന്ന് തിരിച്ചു പോരുന്നു. ഈ മാറ്റം ഭൂമിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്ശ്രദ്ധിച്ചിട്ടുണ്ടോ? മാര്‍ച്ച് 21 ഉം സപ്തംബര്‍ 22 ഉം നമുക്ക് സമരാത്രദിനങ്ങളാണ്. സൂര്യന് വടക്കോട്ടേക്ക് പോകുമ്പോള്‍ പകല്‍ കൂടി വരുന്നു.അപ്പോഴാണ് നമുക്ക് ഉഷ്ണകാലം.സൂര്യന് തെക്കോട്ട് പോകും തോറുംരാത്രി കൂടി വരുന്നു. കാലാവസ്ഥയാകട്ടെ ശൈത്യകാലവും. ഭൂമി സൂര്യനെപ്രദക്ഷിണം ചെയ്യുന്നതും, അത് സ്വയം ഭ്രമണം ചെയ്യുന്ന അച്ചുതണ്ടിന്പ്രദക്ഷിണപഥവുമായുള്ള ചരിവുമാണ് ഈ കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണംരാത്രികാലത്ത് മുഖ്യ ആകര്‍ഷണ കേന്ദ്രം ചന്ദ്രന് തന്നെയാണ്.ദിനചലനത്തോടൊപ്പം ദിവസേന ഉദിക്കുന്ന സമയത്തിലുള്ള മാറ്റവും രൂപമാറ്റവുമാണ് ചന്ദ്രന്റെ മുഖ്യ സവിശേഷത. സൂര്യനും ചന്ദ്രനും തമ്മിലുള്ളആകാശത്തിലെ അകലത്തില്‍ 12 ഡിഗ്രി കണ്ട് ദിവസേന വ്യത്യാസം വരുന്നു. അടുത്തുവരുന്തോറും വലിപ്പം കുറയുന്നു. അകലുന്തോറും വലിപ്പംകൂടുന്നു. ഈ മാറ്റത്തിന് അമാവാസി മുതല്‍ അമാവസിവരെ വേണ്ടിവരുന്നസമയം 29½ ദിവസം. പകല്‍ കാണാന്‍ കഴിയാത്തവയാണ് നക്ഷത്രങ്ങള്‍.എന്നാല്‍ സന്ധ്യയോടെ ആകാശത്തെങ്ങും വാരി വിതറിയ പോലെഅത് പരക്കാന്‍ തുടങ്ങും. ചിലയിടത്ത് ചിതറി. ചിലയിടത്ത് കൂട്ടമായി.വ്യത്യസ്ത ശോഭയില്‍. ഏകദേശം മൂവായിരം നക്ഷത്രങ്ങള്‍ ആണ് വെറുംകണ്ണുകൊണ്ട് നമുക്ക് ഒരു സമയം കാണാനാകുക. ചെറിയ ഒരു ബൈനോക്കുലര്‍ ഉപയോഗിച്ചാല്‍ പോലും അവയുടെ എണ്ണം പതിന്മടങ്ങാകും. നക്ഷത്രങ്ങളും ഉദിച്ചസ്തമിക്കുന്നു. നേരെ കിഴക്ക് ഉദിച്ചവ നേരെ പടിഞ്ഞാറസ്തമിക്കും. എന്നാല്‍ അവ തലയ്ക്ക് മുകളിലൂടെയാണോ കടന്ന്പോകുന്നത്? നമ്മള് നില്ക്കുന്ന പ്രദേശത്തിന്റെ അക്ഷാംശരേഖയ്ക്കനുസൃതമായി അല്പം തെക്കോട്ട് മാറിയാണ് അവ കടന്നുപോവുക. (ഭൂമധ്യരേഖയിലെങ്കില്‍ തലയ്ക്ക് മുകളിലൂടെ; ദക്ഷിണാര്ദ്ധഗോളത്തിലെങ്കില്വടക്കോട്ട് മാറി). ഇവയ്ക്ക് സമാന്തരമായാണ് തെക്ക് ഭാഗത്തും വടക്കുഭാഗത്തുമുള്ള നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്നതായി തോന്നുക. എന്നാല്‍ ഉദയാസ്തമയമില്ലാതെ നിശ്ചലമായി നില്ക്കുന്ന ഒരു നക്ഷത്രമുണ്ട്. വടക്കന്ചക്രവാളത്തില് കാണുന്ന ധ്രുവന്. ധ്രുവന് ചുറ്റുമുള്ള നക്ഷത്രങ്ങള്അതിനെ പ്രദക്ഷിണം ചെയ്യുകയാണെന്ന് തോന്നും. ഭൂമിയുടെ ഉത്തരധ്രുവത്തിന് നേരയാണ് ഈ നക്ഷത്രം എന്നതിനാലാണിത്.
നക്ഷത്രങ്ങള്‍ വ്യത്യസ്ത ശോഭയില്‍ കാണാമെന്ന് പറഞ്ഞല്ലോ.ഭൂമിയില്‍ നിന്നുള്ള അകലവും നക്ഷത്രത്തിന്റെ യഥാര്‍ത്ഥ ശോഭയുമാണ്കാഴ്ചയിലുള്ള ശോഭയെ നിര്‍ണ്ണയിക്കുന്നത്. സിറിയസ് (രുദ്രന്) കനോപ്പസ്( അഗസ്ത്യന്), ആല്‍ഫാസെന്റാറി, വേഗ, ചോതി, റീഗല്‍, തിരുവാതിര തുടങ്ങിയവസ്സകാഴ്ചയില് ശോഭയേറിയ നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങള്‍പല നിറത്തില്‍ കാണപ്പെടുന്നു. നീല, വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ്നിറങ്ങളില്‍. റീഗല്‍ ഒരു നീല നക്ഷത്രമാണ്. തിരുവാതിര ചുവപ്പും. നക്ഷത്രങ്ങളുടെ നിറം നിര്‍ണ്ണയിക്കുന്നത് അതിന്റെ ഉപരിതലത്തിലെ താപനിലയാണ്. നീല നക്ഷത്രങ്ങള്‍ക്കാണ് ചൂട് കൂടുതല്‍. ചുവപ്പ് താപനിലഏറ്റവും കുറവുള്ളതും.
നക്ഷത്രളെല്ലാം അതേ പാറ്റേണില്‍ തുടരുന്നുഎന്നുള്ളതാണ് മറ്റൊരു സവിശേഷത. അതിനാല്‍ അവയെ കോര്‍ത്തിണക്കി വ്യത്യസ്ത രൂപങ്ങള്‍ നമുക്ക് ഭാവനയില്‍ സൃഷ്ടിക്കാം. ഈ വിധംനക്ഷത്രങ്ങളില് രൂപങ്ങള്‍ ആരോപിച്ചാല്‍ അവയെ തിരിച്ചറിയാന്‍ എളുപ്പമായി. നക്ഷത്രങ്ങളെ തിരിച്ചറിയുന്നതോടെ മറ്റൊരു കാര്യം കൂടിശ്രദ്ധയില്പെടും. അവ എല്ലാ ദിവസവും ഒരേ സമയത്തല്ല ഉദിക്കുന്നത്.ദിവസവും ഓരോ നക്ഷത്രവും ഉദിക്കുന്ന സമയം 4 മിനിട്ട് മുന്നോട്ടാണ്.ഉദാഹരണമായി ഇന്ന് രാത്രി 8 മണിക്ക് ഉദിക്കുന്ന നക്ഷത്രം നാളെ 7.56നാണ് ഉദിക്കുക. അപ്പോള്‍ ഒരു മാസം കൊണ്ട് 2 മണിക്കൂര്‍ വ്യത്യാസത്തില്‍. വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും അതേ സ്ഥാനത്ത്. എന്താണിതിന് കാരണം? സൂര്യന് അഭിമുഖമായുള്ള നക്ഷത്രങ്ങള്‍ നമുക്ക് കാണാന്കഴിയില്ലല്ലോ. എതിര് ഭാഗത്തെ നക്ഷത്രങ്ങളാണ് നാം രാത്രിയില്കാണുക. അപ്പോള്‍ സൂര്യന് ചുറ്റും ഭൂമി പ്രദക്ഷിണം വയ്ക്കുന്നതിനനുസരിച്ച് കാണുന്ന നക്ഷത്രങ്ങളും വ്യത്യസ്തമാകും.
പ്രഥമദൃഷ്ട്യാ നക്ഷത്രങ്ങളെ പോലെ തോന്നുമെങ്കിലും മിന്നിത്തിളങ്ങാതെ നിലയുറപ്പിച്ചവയാണ് ഗ്രഹങ്ങള്‍. നക്ഷത്രങ്ങളെ അപേക്ഷിച്ച്അവയ്ക്ക് സ്ഥാനചലനം സംഭവിക്കുന്നു. ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം,ശനി എന്നീ അഞ്ചു ഗ്രഹങ്ങളെയാണ് നമുക്ക് വെറും കണ്ണുകൊണ്ട്കാണാനാവുക. ചന്ദ്രന് കഴിഞ്ഞാല്‍ ആകാശത്ത് ഏറ്റവും ശോഭയോടെകാണപ്പെടുന്നത് ശുക്രനാണ്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യനസ്തമിച്ചതിന് ശേഷം, അല്ലെങ്കില്‍ കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യോദയത്തിന്മുമ്പ് ശുക്രന് ഏവരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കും. സൂര്യനില്‍ നിന്ന്പരമാവധി 47 ഡിഗ്രി അകലത്തില്‍ മാത്രമേ ശുക്രനെ കാണൂ. അതിനാല്‍ അതിനെ നമുക്കൊരിക്കലും സൂര്യന് എതിര് വശത്തോ തലയ്ക്കുമുകളിലോ (സമ്പൂര്‍ണ സൂര്യഗ്രഹണസമയത്ത് ഒഴികെ) കാണാനാവില്ല. ശുക്രന് സൂര്യനെ പ്രദക്ഷിണം വെക്കുന്നത് ഭൂമിയ്ക്കും സൂര്യനുംഇടയിലുള്ള പഥത്തിലൂടെയായതിനാലാണിത്. ശുക്രനെപ്പോലെ ബുധനുംപ്രഭാതത്തില് കിഴക്കന്‍ ചക്രവാളത്തിലോ സന്ധ്യയ്ക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിലോ ആയാണ് കാണാന്‍ കഴിയുക.സൂര്യനില്‍ നിന്ന് പരമാവധി 28 ഡിഗ്രി മാത്രമേ അകലത്തിലാകൂ എന്നതിനാല്‍ അപൂര്‍വ്വമായി മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന ഒരു ഗ്രഹമാണിത്. പോരെങ്കില്‍ ഒരു സാധാരണനക്ഷത്രത്തിന്റെ ശോഭ മാത്രമേ കാഴ്ചയിലുള്ളുതാനും. അല്പം ചുവപ്പരാശിയോടെ ചിലപ്പോള്‍ നല്ല ശോഭയോടെയും (സൂര്യന് എതിര്‍വശമാകുമ്പോള്‍) സൂര്യനോടടുക്കുമ്പോള്‍ ശോഭ കുറഞ്ഞും കാണപ്പെടുന്നതാണ് ചൊവ്വ. ശുക്രന് കഴിഞ്ഞാല്‍ ആകാശത്ത് ശോഭയോടെ കാണപ്പെടുന്നത് വ്യാഴമാണ്. ഒരിടത്തരം നക്ഷത്രത്തെപ്പോലെ തോന്നിപ്പിക്കുന്നതാണ് ശനി. ഈ മൂന്ന് ഗ്രഹങ്ങളും കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ഏത്ഭാഗത്തും കാണാം. നക്ഷത്രമണ്ഡലത്തിലൂടെയുള്ള ഇവയോരോന്നിന്റെയും സഞ്ചാരം വ്യത്യസ്ത വേഗതയിലാണ്. ശനിയാണ് ഏറ്റവുംമെല്ലെ. ഒരു നക്ഷത്രത്തില്‍ നിന്നകന്ന് വീണ്ടും അതേ സ്ഥാനത്തെത്താന്‍29½ വര്‍ഷമെടുക്കും. വ്യാഴത്തിന് 12 വര്‍ഷമാണ് വേണ്ടത്. ചൊവ്വയ്ക്കാകട്ടെ ഒന്നരവര്‍ഷവും. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് നക്ഷത്രമണ്ഡലത്തിലൂടെയുള്ള ഇവയുടെ യാത്ര. എങ്കിലും ചിലപ്പോള്‍ ചെറിയ കാലയളവില്‍ തിരിച്ച് സഞ്ചരിക്കുന്നതായി തോന്നും. (ചൊവ്വയുടെ കാര്യത്തില്വളരെ പ്രകടമാണിത്). ബുധനും ശുക്രനും സൂര്യനെസ്സചുറ്റിപ്പറ്റി ദോലനംചെയ്യുന്നതായാണ് തോന്നുക. ബുധന്‍ സാമാന്യം നല്ല വേഗത്തില്‍ 88ദിവസം കൊണ്ട്. ശുക്രന് 225 ദിവസവും.ചെറിയ ഒരു ബൈനോക്കുലര്‍ കൊണ്ട് ആകാശം ചുറ്റിക്കാണുകയാണെങ്കില്‍ പലയിടങ്ങളിലും "പുക' പോലെ പ്രകാശമാനമായ ചിലവയെകണ്ടെത്താന് കഴിയും. നെബുലകളാണിവ. ആന്‍ഡ്രാമിഡ ഗാലക്സിയെയുംഈ വിധം തന്നെയാണ് കാണുക.
തെളിഞ്ഞ ആകാശത്ത് കണ്ണും നട്ടിരുന്നാല്‍ ചില തീക്കട്ടകള്‍ ഇടയ്ക്കിടെ പായുന്നതായി കാണാറുണ്ടല്ലോ. ഉല്‍ക്കകളാണിവ. ബഹിരാകാശത്ത് അലഞ്ഞുതിരിയുന്ന പാറകഷ്ണങ്ങളും മറ്റും (ധൂമകേതുക്കളില്‍നിന്നും വിട്ടുപോയത്) ഭൂമിയുടെ ആകര്‍ഷണ വലയത്തിലേക്ക് എത്തിഅതിവേഗതതില് സഞ്ചരിച്ച് വായുമണ്ഡലത്തില്‍ വെച്ച് കത്തിതീരുന്നതാണത്. ചില ദിവസങ്ങളില്‍ ഉല്‍ക്കാവര്‍ഷം തന്നെ ഉണ്ടാവാറുണ്ട്.വളരെ അപൂര്‍വ്വമായി എന്നാല്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്വരുന്നവയാണ് ധൂമകേതുക്കള്‍. കുറച്ചുകാലം മാത്രം ആകാശത്ത് പ്രത്യക്ഷമായിരിക്കയും പിന്നീട് മടങ്ങി പോകുകയും ചെയ്യുന്ന ഇവയെ സംബന്ധിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ധൂമകേതുക്കളില്ചിലവ കൃത്യമായ ഇടവേളകളില്‍ ദൃശ്യമാവാറുണ്ട്. 76 വര്‍ഷം കൊണ്ട്എത്തുന്ന ഹാലിസ്സധൂമകേതുവാണ് ഇതില്‍ ഏറ്റവും പ്രശസ്തമായത്.
അടുത്ത പോസ്റ്റില്‍ ബാക്കി തുടരും..
2009 is celebrated as International Year of Astronomy 2009. For any information regarding international Year of astronomy please visit ***** http://www.astronomy2009.org *****
Thursday, July 2, 2009
Subscribe to:
Post Comments (Atom)
2 comments:
നല്ല അറിവുകൾ.
നന്ദി വികെ. തുടരുന്നതാണ്..
Post a Comment